ഗാസ – നാളെ ആറു ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും ഇതിനു പകരമായി ഇസ്രായില്‍ 602 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഇസ്രായിലി ബന്ദി ഷിരി ബിബാസിന്റെ മൃതദേഹം മാറിയതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടയിലും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറല്‍ തുടരും. ഇല്യ കോഹന്‍, ഒമര്‍ ഷെം ടോവ്, ഒമര്‍ വിന്‍കെര്‍ട്ട്, ടാല്‍ ഷോഹാം, അവേര മെംഗിസ്റ്റു, ഹിശാം അല്‍സയ്യിദ് എന്നിവരെയാണ് ഹമാസ് നാളെ വിട്ടയച്ച് റെഡ് ക്രോസ് വഴി ഇസ്രായിലിന് കൈമാറുക. ഹിശാം അല്‍സയ്യിദും അവേര മെംഗിസ്റ്റുവും പത്തു വര്‍ഷം മുമ്പ് ഗാസയില്‍ പ്രവേശിച്ച സാധാരണക്കാരാണ്. അന്നു മുതല്‍ ഇരുവരും അവിടെ ബന്ദികളാണ്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 50 തടവുകാരെയും ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ട 60 തടവുകാരെയും വീണ്ടും അറസ്റ്റിലായ വഫാ അല്‍അഹ്റാര്‍ ഗ്രൂപ്പിലെ 47 തടവുകാരെയും 2023 ഒക്‌ടോബര്‍ ഏഴിനു ശേഷം ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടച്ച 445 തടവുകാരെയും നാളെ വിട്ടയക്കുമെന്ന് ഹമാസിനു കീഴിലെ പ്രിസണേഴ്‌സ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള പ്രക്രിയ നാളെ നടക്കുമെന്ന് ഇസ്രായിലി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഷിരി ബിബാസിന്റെ മൃതദേഹം ഹമാസ് തിരികെ നല്‍കാത്തത് വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരമായ ലംഘനമായി ഇസ്രായില്‍ കണക്കാക്കുന്നുണ്ടെങ്കിലും നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബന്ദി മോചനം പദ്ധതിയിട്ടതു പോലെ നടക്കുമെന്ന് സൈന്യം പറഞ്ഞു.
ഹമാസ് കൈമാറിയ രണ്ട് മൃതദേഹങ്ങള്‍ ഏരിയലിന്റെയും കഫിര്‍ ബിബാസിന്റെതുമാണെന്നും മൂന്നാമത്തെ മൃതദേഹം അവരുടെ അമ്മ ഷിരി ബിബാസിന്റെതല്ലെന്നും ഫോറന്‍സിക് പരിശോധനകളില്‍ സ്ഥിരീകരിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. വ്യാഴാഴ്ച കൈമാറിയ മൃതദേഹങ്ങളില്‍ ഷിരിയുടെ ഭൗതികാവശിഷ്ടങ്ങളും ഉണ്ടാകുമെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു.
മൃതദേഹം ഷിരി ബിബാസിന്റെല്ലെന്ന് വ്യക്തമായി. മറ്റ് ബന്ദികളുമായും ഇതിന് ഒരു പൊരുത്തവും കണ്ടെത്തിയില്ല. ഇത് തിരിച്ചറിയപ്പെടാത്ത മൃതദേഹമാണ്. ഹമാസിന്റെ ഭാഗത്തു നിന്നുള്ള വളരെ ഗുരുതരമായ നിയമലംഘനമാണിത്. കരാര്‍ പ്രകാരം മരിച്ച നാലു ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നല്‍കാന്‍ ഹമാസ് ബാധ്യസ്ഥമായിരുന്നു. ഞങ്ങളുടെ എല്ലാ ബന്ദികളോടുമൊപ്പം ഷിരിയെയും അവരുടെ മാതൃരാജ്യത്തേക്ക് തിരികെ എത്തിക്കണമെന്ന് ഞങ്ങള്‍ ഹമാസിനോട് ആവശ്യപ്പെടുന്നു – ഇസ്രായിലി സൈന്യം പറഞ്ഞു.
ബന്ദിയായ ഷിരി ബിബാസിന്റെ മൃതദേഹത്തിന് പകരം ഹമാസ് ഗാസയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഇസ്രായിലിന് കൈമാറുകയായിരുന്നെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് ഇസ്രായില്‍ പത്രമായ ഹാരെറ്റ്‌സ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ക്രൂരവും മൃഗീയവുമായ ലംഘനമാണ് ഹമാസ് നടത്തിയതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഈ കരാര്‍ ലംഘനത്തിന് ഹമാസ് മുഴുവന്‍ വിലയും നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് രാക്ഷസന്മാരുടെ ക്രൂരതക്ക് അതിരുകളില്ല എന്ന് നെതന്യാഹു പറഞ്ഞു. അച്ഛന്‍ യാര്‍ഡന്‍ ബിബാസിനെയും അമ്മ ഷിരിയെയും അവരുടെ രണ്ട് കൊച്ചുകുട്ടികളെയും സങ്കല്‍പ്പിക്കാനാവാത്തവിധം അസംബന്ധമായ രീതിയില്‍ ഹമാസ് തട്ടിക്കൊണ്ടുപോയി എന്നു മാത്രമല്ല, ഷിരിയുടെ മൃതദേഹം തിരികെ നല്‍കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. ഷിരിയുടെ മൃതദേഹത്തിനു പകരം പകരം ഗാസയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ മൃതദേഹം അവര്‍ ശവപ്പെട്ടിയില്‍ ഇടുകയായിരുന്നു – നെതന്യാഹു പറഞ്ഞു.
ഷിരി ബിബാസ് ബന്ദിയായിരുന്ന സ്ഥലത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് അവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ മറ്റു മനുഷ്യ ശരീരാവശിഷ്ടങ്ങളുമായി കലര്‍ന്നതായിരിക്കാമെന്ന് ഹമാസ് പറഞ്ഞു. ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ മനഃപൂര്‍വം ബോംബിട്ട് തകര്‍ത്ത സ്ഥലത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഷിരി ബിബാസിന്റെ മൃതദേഹം ചിന്നിച്ചിതറിയെന്നും ഈ അവശിഷ്ടങ്ങള്‍ മറ്റു മൃതദേഹാവശിഷ്ടങ്ങളുമായി കൂടിക്കലരുകയായിരുന്നെന്നും ഹമാസ് ഉദ്യോഗസ്ഥന്‍ ഇസ്മായില്‍ അല്‍സവാബിത്ത പറഞ്ഞു. നിഷ്‌കരുണമുള്ള ബോംബാക്രമണത്തിന് ഉത്തരവിട്ടത് നെതന്യാഹു തന്നെയാണ്. ഷിരിയെയും അവരുടെ രണ്ടു കുട്ടികളെയും ഇത്രയും ഭയാനകവും ക്രൂരവുമായ രീതിയില്‍ കൊന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഇസ്മായില്‍ അല്‍സവാബിത്ത പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group