തെല്‍അവീവ് – വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി ഹമാസ് കൈമാറിതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഗാസ മുനമ്പില്‍ തടവിലായിരുന്ന ഇസ്രായിലി സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ടു മണിക്ക് ഇസ്രായിലിന് കൈമാറുമെന്നും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേരത്തെ പറഞ്ഞിരുന്നു. ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ ഡിസ്ട്രിക്ടില്‍ ഇപ്പോഴും ഇസ്രായില്‍ അധിനവേശത്തിനു കീഴിലുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ബന്ദികളുടെ മൃതദേഹങ്ങള്‍ക്കു വേണ്ടി തിരച്ചിലുകള്‍ നടത്താന്‍ പ്രദേശത്ത് പ്രവേശിക്കാന്‍ ഹമാസിനെയും റെഡ് ക്രോസ് സംഘങ്ങളെയും ഇസ്രായില്‍ അനുവദിക്കുകയായിരുന്നു.
യെല്ലോ ലൈനിനുള്ളില്‍ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലിന് എന്‍ജിനീയറിംഗ് ഉപകരണങ്ങളുടെ പ്രവേശനവും അല്‍ഖസ്സാം ബ്രിഗേഡ്‌സ് സംഘങ്ങള്‍ റെഡ് ക്രോസിന് അകമ്പടി സേവിക്കുന്നതും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ വേഗതക്ക് ഗണ്യമായ സംഭാവന നല്‍കിയതായും പല മൃതദേഹങ്ങളും കണ്ടെത്തുന്നതിലേക്ക് നയിച്ചതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, തങ്ങളുടെ പക്കലുണ്ടായിരുന്ന, ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് കൈമാറി. ഇതിന് പകരമായി ഇസ്രായില്‍ ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെയും വിട്ടയച്ചു. ഗാസയില്‍ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ നല്‍കുമെന്ന് ഹമാസ് ഉറപ്പ് നല്‍കി. യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കിയതായി ഹമാസ് പറയുന്നു. എന്നാല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ ഹമാസ് മനഃപൂര്‍വം കാലതാമസം വരുത്തുകയാണെന്ന് ഇസ്രായില്‍ ആരോപിക്കുന്നു.
ഗാസയില്‍ അടക്കം ചെയ്ത 28 മൃതദേഹങ്ങളില്‍ 20 പേരുടെ അവശിഷ്ടങ്ങള്‍ ഹമാസ് നേരത്തെ തിരികെ നല്‍കിയിരുന്നു. 2023 ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം കൊലപ്പെടുത്തിയ 270 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായിലും കൈമാറി. ഇടക്കിടെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടും അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ വലിയതോതില്‍ നിലനില്‍ക്കുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ 239 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ, വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രായിലി വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് കടന്നുകയറി അടിയന്തര ഭീഷണി ഉയര്‍ത്തിയ ഭീകരനെയാണ് വധിച്ചതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.



