ഗാസ: ഇസ്രായിലി ബന്ദികളെ ഹമാസ് വിട്ടയക്കുന്നത് കാറിലിരുന്ന് വീക്ഷിക്കുന്ന, വിട്ടയക്കപ്പെടാത്ത മറ്റു രണ്ടു ബന്ദികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. ശനിയാഴ്ച വൈകീട്ട് മധ്യഗാസയിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് മൂന്നു ഇസ്രായിലി ബന്ദികളെ ഹമാസ് പോരാളികള്‍ റെഡ് ക്രോസിന് കൈമാറുന്നതാണ് മറ്റു രണ്ടു ബന്ദികള്‍ കാറിലിരുന്ന് വീക്ഷിച്ചത്.
ബന്ദികളെ കൈമാറുന്ന വേദിക്കു സമീപം നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ഇരുന്നാണ് ബന്ദികള്‍ മറ്റു മൂന്നു ബന്ദികളെ മോചിപ്പിക്കുന്നത് വീക്ഷിച്ചത്. ഹമാസുമായി ഗൗരവത്തായ ചര്‍ച്ചകള്‍ നടത്തണമെന്ന് ബന്ദികളില്‍ ഒരാള്‍ ഇസ്രായില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കരാറിലെത്താന്‍ ശ്രമിക്കണം. സൈനിക സമ്മര്‍ദം ഞങ്ങളെയെല്ലാം കൊല്ലും – ബന്ദി പറഞ്ഞു. സൈനിക പരിഹാരം നിരാകരിക്കുന്നതായി രണ്ടാമത്തെ ബന്ദി പറഞ്ഞു. സൈനിക സമ്മര്‍ദം ഒരു പരിഹാരമല്ല. ദയവായി, ഇസ്രായില്‍ പൗരന്മാരേ, സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള പ്രകടനങ്ങള്‍ നിര്‍ത്തരുത് – ഇസ്രായിലികളെ അഭിസംബോധന ചെയ്ത് ഈ ബന്ദി പറഞ്ഞു.
കഴിഞ്ഞ മാസം ആരംഭിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ശനിയാഴ്ച ആറു ഇസ്രായിലി ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിനു പകരമായി 600 ലേറെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായില്‍ ഇതുവരെ തയാറായിട്ടില്ല. ക്യാമറകള്‍ക്ക് മുന്നില്‍ വേദികളില്‍ വെച്ച് പരസ്യമായി ബന്ദികളെ കൈമാറുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് ഹമാസിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ഹമാസ് തള്ളിക്കളഞ്ഞു. കൈമാറ്റ ചടങ്ങ് ഫലസ്തീനികളുടെ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും സാഹചര്യം മുതലെടുക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നില്ലെന്നും മറിച്ച്, ബന്ദി കൈമാറ്റ കരാറിലേക്കും ഫലസ്തീന്‍ പ്രശ്നത്തില്‍ അതിന്റെ പങ്കിലേക്കും വെളിച്ചം വീശാനാണ് ശ്രമിക്കുന്നതെന്നും ഹമാസ് പറഞ്ഞു.