ഗാസ: കഴിഞ്ഞ മാസം ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇന്ന് വിട്ടയക്കാന്‍ പോകുന്ന മൂന്ന് ഇസ്രായിലി ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടു. എലിയാഹു ഷറാബി, ഒഹാദ് ബെന്‍-അമി, ഓര്‍ ലെവി എന്നിവരെ ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പറഞ്ഞു. ഹമാസ് വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ലഭിച്ചതായി ഇസ്രായില്‍ സ്ഥിരീകരിച്ചു.
ഇസ്രായില്‍ ഇന്ന് 183 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹമാസ് പറഞ്ഞു. ഇക്കൂട്ടത്തില്‍ 18 പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരും 54 പേര്‍ ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരുമാണ്. 2023 ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഗാസയില്‍ നിന്ന് അറസ്റ്റിലായ 111 തടവുകാരെയും ഇസ്രായില്‍ വിട്ടയക്കും.
ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായിലും നടത്തുന്ന, ബന്ദികളുടെയും തടവുകാരുടെയും അഞ്ചാമത്തെ ബാച്ച് കൈമാറ്റമാണിത്. ഗാസ നിവാസികളെ പുറത്താക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്ക് ശേഷമുള്ള ബന്ദികളുടെയും തടവുകാരുടെയും ആദ്യ കൈമാറ്റമാണിത്. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ത്തിയാക്കാനും ത്വരിതപ്പെടുത്താനും ഇസ്രായിലിലെ ഹോസ്റ്റേജ് ഫാമിലീസ് ഫോറം പ്രസ്താവനയില്‍ ഇസ്രായില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടയക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു വിവരവുമില്ല. ബന്ദികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നത് കാണാന്‍ ഒരു രാഷ്ട്രം മുഴുവന്‍ ആഗ്രഹിക്കുന്നു. അവസാന ബന്ദിയും തിരികെ എത്തുന്നതു വരെ കരാര്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട സമയമാണിത് -ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുക. ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കും. ഗാസയില്‍ തടവിലാക്കപ്പെട്ട 33 ഇസ്രായിലി ബന്ദികളെയും 1,900 ഫലസ്തീന്‍ തടവുകാരെയും ആദ്യ ഘട്ടത്തില്‍ വിട്ടയയക്കാനാണ് തീരുമാനം. നാലു ബാച്ചുകളായി ഇതുവരെ 18 ഇസ്രായിലി ബന്ദികളെയും 600 ഫലസ്തീന്‍ തടവുകാരെയും വിട്ടയച്ചിട്ടുണ്ട്.
കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് ദോഹയില്‍ ഹമാസും ഇസ്രായിലും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ ഇസ്രായിലി ബന്ദികളെയും മോചിപ്പിക്കാനും ഹമാസ് ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന് അന്തിമ അന്ത്യം കുറിക്കാനും ഇടയാകുമെന്ന് കരുതപ്പെടുന്നു. ഹമാസിനും ഇസ്രായിലിനുമിടയിലെ മധ്യസ്ഥതയില്‍ അമേരിക്കയും ഈജിപ്തും ഖത്തറും പങ്കെടുക്കുന്നു.
ഇസ്രായിലിനുള്ള തന്റെ പിന്തുണ സ്ഥിരീകരിക്കുന്ന പുതിയ നീക്കമെന്നോണം, അമേരിക്കക്കും തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായിലിനുമെതിരെ അടിസ്ഥാനരഹിതമായ നിയമനടപടികള്‍ ആരംഭിച്ചുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കഴിഞ്ഞ ദിവസം ഉപരോധം ഏര്‍പ്പെടുത്തി. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്തുവെന്ന കുറ്റം ചുമത്തി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റ്, ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദൈഫ് എന്നിവര്‍ക്കെതിരെ 2024 നവംബര്‍ 21 ന് കോടതി മൂന്ന് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി എന്നറിയപ്പെടുന്ന കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ ശക്തമായി അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയന്‍ സാഅര്‍ ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. ഐ.സി.സിയുടെ തീരുമാനങ്ങള്‍ അധാര്‍മികവും നിയമപരമായി അടിസ്ഥാനമില്ലാത്തതുമാണെന്ന് ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു. അമേരിക്കയുടെ ഉപരോധങ്ങള്‍ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അന്താരാഷ്ട്ര നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുമെന്നും കോടതിയിലെ 79 അംഗരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group