ഗാസ: ഇസ്രായില്‍, അമേരിക്കന്‍ പൗരത്വമുള്ള ബന്ദി ഇഡാന്‍ അലക്‌സാണ്ടറെ ഹമാസ് വിട്ടയച്ച് റെഡ് ക്രോസിന് കൈമാറി. ഗാസ മുനമ്പിന് തെക്ക് ഖാന്‍ യൂനിസില്‍ വെച്ചാണ് ബന്ദിയെ ഹമാസ് കൈമാറിയത്. അമേരിക്കന്‍ പൗരത്വമുള്ള ഇസ്രായിലി സൈനികന്‍ ഇഡാന്‍ അലക്‌സാണ്ടറെ സ്വീകരിച്ചതായി റെഡ് ക്രോസ് അറിയിച്ചതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. ഹമാസിനു കീഴിലെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഇഡാന്‍ അലക്‌സാണ്ടറെ റെഡ് ക്രോസിന് കൈമാറിയതായി ഹമാസിന്റെ അല്‍അഖ്സ ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസ അതിര്‍ത്തിയിലെ കിസുഫിം ക്രോസിംഗ് വഴി ഇസ്രായിലി സൈനികന്‍ ഇസ്രായിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഹമാസ് പോസിറ്റീവിറ്റിയും ഉയര്‍ന്ന വഴക്കവും പ്രകടിപ്പിച്ച പ്രധാന സമ്പര്‍ക്കങ്ങളെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ഇഡാന്‍ അലക്‌സാണ്ടറെ കൈമാറിയതിനെ കുറിച്ച് പരാമര്‍ശിച്ച് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഗൗരവമേറിയ ചര്‍ച്ചകള്‍ ബന്ദികളുടെ മോചനത്തില്‍ ഫലങ്ങള്‍ കൈവരിക്കുന്നു… എന്നാല്‍ ആക്രമണം തുടരുന്നത് അവരുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുകയും അവരെ കൊല്ലുകയും ചെയ്‌തേക്കാം. സുസ്ഥിരമായ വെടിനിര്‍ത്തല്‍, ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റം, ഉപരോധം അവസാനിപ്പിക്കല്‍, തടവുകാരുടെ കൈമാറ്റം, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവക്കായി സമഗ്രമായ കരാറിലെത്താനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനുള്ള ഹമാസിന്റെ സന്നദ്ധത പ്രസ്താവന സ്ഥിരീകരിച്ചു. ഗാസയിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിരായുധരായ സാധാരണക്കാര്‍ക്കുമെതിരെ ഇസ്രായില്‍ നടത്തുന്ന ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തോട് ഹമാസ് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിനും അതിര്‍ത്തികള്‍ തുറക്കുന്നതിനും സഹായങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കാനുമുള്ള നടപടികളുടെ ഭാഗമായി ഇസ്രായില്‍-അമേരിക്കന്‍ സൈനികനെ വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കന്‍ ഭരണകൂടവുമായി ആശയവിനിമയങ്ങള്‍ നടത്തിയിട്ടുണ്ട്. ആ ചര്‍ച്ചകളില്‍ പ്രസ്ഥാനം ഉയര്‍ന്ന പോസിറ്റീവിറ്റി കാണിച്ചതായും ഗാസയിലേക്ക് സഹായം അനുവദിക്കാനുള്ള കരാറിലെത്തിയതായും ഹമാസ് പറഞ്ഞു.