വാഷിംഗ്ടണ്‍ – ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ചര്‍ച്ചകളെ കുറിച്ച് പരിചയമുള്ള മറ്റൊരു വൃത്തത്തെയും ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇസ്രായിലിനോടും ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ നിര്‍ദേശം അടങ്ങിയ ഹമാസിന്റെ കത്ത് നിലവില്‍ ഖത്തറിന്റെ പക്കലുണ്ടെന്നും ഈ ആഴ്ച അവസാനം ട്രംപിന് അത് കൈമാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ മാസാദ്യം ദോഹയില്‍ ഹമാസ് നേതാക്കളെ വധിക്കാന്‍ ശ്രമിച്ച് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗാസയിലെ ശേഷിക്കുന്ന ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിവെച്ചിരുന്നു.