ബെയ്റൂത്ത് – ദക്ഷിണ ലെബനോനില്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് ഫതഹ് ശരീഫ് അബുല്‍അമീനും മൂന്നു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലെബനോനിലെ ഹമാസ് നേതാവും വിദേശത്ത് ഹമാസിന് നേതൃത്വം നല്‍കുന്ന ഉന്നതരില്‍ പെട്ട നേതാവുമായിരുന്നു ഫതഹ് ശരീഫ് അബുല്‍അമീന്‍. ദക്ഷിണ ലെബനോനിലെ അല്‍ബസ് അഭയാര്‍ഥി ക്യാമ്പില്‍ അബുല്‍അമീനിന്റെ വീട് ലക്ഷ്യമാക്കി ഇസ്രായില്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ അബുല്‍അമീനിന്റെ ഭാര്യയും മകനും മകളും കൊല്ലപ്പെട്ടതായും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അല്‍ബസ് അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ആദ്യമായാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നതെന്ന് ലെബനോനിലെ നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
ദിവസങ്ങളായി ഇസ്രായില്‍ രൂക്ഷമായ ആക്രമണം തുടരുന്ന ലെബനോനില്‍ നിന്ന് ഒരു ലക്ഷം പേര്‍ സിറിയയിലേക്ക് പലായനം ചെയ്തതായി യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. ഇസ്രായില്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഒരു ലക്ഷം ലെബനോനികളും സിറിയക്കാരും സിറിയയിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. ലെബനോനില്‍ നിന്ന് സിറിയയിലേക്കുള്ള ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്. ലെബനോനില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്യുന്നവരെ സഹായിക്കാന്‍ അതിര്‍ത്തിയിലെ നാലു ക്രോസിംഗ് പോയിന്റുകളില്‍ പ്രാദേശിക അധികൃതര്‍ക്കും സിറിയന്‍ റെഡ് ക്രെസന്റിനുമൊപ്പം യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് പ്രതിനിധികള്‍ സേവനമനുഷ്ഠിക്കുന്നു.
സിറിയയിലേക്ക് പലായനം ചെയ്യുന്നവരില്‍ 80 ശതമാനവും നേരത്തെ സിറിയയില്‍ നിന്ന് പലായനം ചെയ്ത് ലെബനോനില്‍ എത്തിയ സിറിയക്കാരും 20 ശതമാനം ലെബനോനികളുമാണെന്ന് യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് പ്രതിനിധി പറഞ്ഞു. സെപ്റ്റംബര്‍ 23 മുതല്‍ ലെബനോനില്‍ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തിവരികയാണ്. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടല്‍ കാരണമായി ഉത്തര ഇസ്രായിലില്‍ നിന്ന് പലായനം ചെയ്ത ജൂതതാമസക്കാരുടെ സ്വന്തം വീടുകളിലേക്കുള്ള മടക്കത്തിന് സാഹചര്യമൊരുക്കാനാണ് ആക്രമണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രായില്‍ സൈന്യം പറയുന്നു.
ഇസ്രായിലിന്റെ ആക്രമണം ലെബനോനില്‍ നിന്ന് സിറിയയിലേക്കുള്ള വന്‍ പലായനത്തിന് ഇടയാക്കി. ലെബനോനില്‍ അഭയാര്‍ഥികളായി മാറിയ പത്തു ലക്ഷത്തോളം പേര്‍ക്ക് അടിയന്തിര ഭക്ഷ്യ സഹായം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസഹായത്തിനു പുറമെ ധനസഹായ വിതരണത്തിനും പദ്ധതിയുണ്ട്. ഈ വര്‍ഷാവസാനം വരെ ലെബനോനില്‍ അഭയാര്‍ഥികള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ ആവശ്യമായ 10.5 കോടി ഡോളര്‍ സമാഹരിക്കാന്‍ സംഭാവനകള്‍ കൈമാറണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് വേള്‍ഡ് ഫുഡ് പ്രോഗ്രാം ആഹ്വാനം ചെയ്തു.
ഇസ്രായിലിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല
ജിദ്ദ – ഇസ്രായിലിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നഈം ഖാസിം പറഞ്ഞു. ഇസ്രായില്‍ ആക്രമണത്തിനിടെ ഹസന്‍ നസ്‌റല്ലക്കൊപ്പമുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ നഈം ഖാസിം വെളിപ്പെടുത്തി. ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ട ശേഷം നടത്തിയ ആദ്യ പരസ്യ പ്രസ്താവനയിലാണ് നഈം ഖാസിം ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഹിസ്ബുല്ല ആസ്ഥാനത്ത് നസ്‌റല്ലക്കൊപ്പം പ്രത്യേക യോഗത്തില്‍ പങ്കെടുത്ത ഹിസ്ബുല്ല നേതാവ് അലി കരകി, ഹസന്‍ നസ്‌റല്ലയുടെ സുരക്ഷാ ചുമതലയുള്ള സേനാ വിഭാഗത്തിന്റെ കമാണ്ടര്‍ ഇബ്രാഹിം ജസീനി, മറ്റൊരു ഹിസ്ബുല്ല നേതാവായ സമീര്‍ ഹര്‍ബ്, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാണ്ടര്‍ അബ്ബാസ് നെല്‍ഫൊറോഷാന്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 20 ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെട്ടെന്ന ഇസ്രായില്‍ അവകാശവാദം ഖാസിം നഈം നിഷേധിച്ചു.
ഹിസ്ബുല്ലയുടെ സൈനിക ശേഷിക്ക് പ്രഹരമേല്‍പിക്കാന്‍ ഇസ്രായിലിന് സാധിച്ചിട്ടില്ല. ഈ സ്വപ്‌നം നേടാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. ഇസ്രായിലിന് പരിധിയില്ലാത്ത സൈനിക പിന്തുണയാണ് അമേരിക്ക നല്‍കുന്നത്. ദക്ഷിണ ലെബനോനില്‍ കരമാര്‍ഗം കടന്നുകയറാനുള്ള ഇസ്രായിലിന്റെ ഏതു ശ്രമത്തെയും ചെറുക്കാന്‍ ഹിസ്ബുല്ല സുസജ്ജമാണ്.
ഗാസക്ക് പിന്തുണ നല്‍കിയും ഹിസ്ബുല്ല, ഹമാസ് നേതാക്കളുടെ വധങ്ങള്‍ക്ക് തിരിച്ചടിയായും ഇസ്രായിലിനെ നേരിടുന്ന കാര്യത്തിലുള്ള നിലപാടുകളില്‍ നിന്ന് അണുവിട പിറകോട്ടുപോകില്ല. നസ്‌റല്ലയുടെ പ്രയാണം തങ്ങള്‍ തുടരും. ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ ഹിസ്ബുല്ല തുടരും. നസ്‌റല്ല തയാറാക്കിയ ബദല്‍ പദ്ധതികള്‍ നടപ്പാക്കുന്നത് താന്‍ നിരീക്ഷിക്കും. ഹിസ്ബുല്ലക്ക് പുതിയ സെക്രട്ടറി ജനറലിനെ വൈകാതെ തെരഞ്ഞെടുക്കും. ഹിസ്ബുല്ലയിലെ കേന്ദ്ര പദവികളെല്ലാം പൂര്‍ണ തോതില്‍ നികത്തേണ്ടത് പ്രധാനമാണെന്നും നഈം ഖാസിം പറഞ്ഞു.