ദോഹ – ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ ഖത്തറില്‍ വെച്ച് നടത്തിയ ആദ്യ പരോക്ഷ ചര്‍ച്ചകള്‍ നിര്‍ണായക ഫലമില്ലാതെ അവസാനിച്ചതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹമാസുമായി കരാറിലെത്താന്‍ ഇസ്രായിലി പ്രതിനിധി സംഘത്തിന് മതിയായ അധികാരമുണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിംഗ്ടണില്‍ വെച്ച് ഇന്ന് നടത്തുന്ന ചര്‍ച്ചകള്‍ ഗാസയിലെ ഇസ്രായിലി ബന്ദികളുടെ മോചനവും വെടിനിര്‍ത്തല്‍ ചര്‍ച്ചകളും മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശ്വാസം പ്രകടിപ്പിച്ചു. ഇസ്രായിലിന് സ്വീകാര്യമായ വ്യവസ്ഥകളില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഖത്തറിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇസ്രായിലി സംഘത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ച തീര്‍ച്ചയായും ഈ ഫലങ്ങള്‍ കൈവരിക്കുന്നതിന് സഹായകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കാനും ഹമാസ് ഇസ്രായിലിന് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാനും താന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ആറ് മാസം മുമ്പ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നെതന്യാഹുവിന്റെ വൈറ്റ് ഹൗസിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഗാസയിലെ സ്ഥിരമായ വെടിനിര്‍ത്തലിന് സമ്മതിക്കാനും യുദ്ധം അവസാനിപ്പിക്കാനും നെതന്യാഹുവിന്റെ മേല്‍ പൊതുജന സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയായ വലതുപക്ഷ സഖ്യത്തിലെ ചില തീവ്രവാദ അംഗങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയും വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാഅര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ പിന്തുണക്കുകയും ചെയ്യുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ, യു.എസ് പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണെന്ന് ഹമാസ് വെള്ളിയാഴ്ച പറഞ്ഞു.
ഗാസയിലെ നമ്മുടെ ജനങ്ങള്‍ക്കെതിരായ ആക്രമണം തടയാനുള്ള മധ്യസ്ഥരുടെ ഏറ്റവും പുതിയ നിര്‍ദേശത്തെ കുറിച്ച് ഫലസ്തീന്‍ വിഭാഗങ്ങളുമായി ഹമാസ് ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള പ്രതികരണം മധ്യസ്ഥര്‍ക്ക് കൈമാറി. അത് പോസിറ്റീവ് ആയിരുന്നു. വെടിനിര്‍ത്തല്‍ ചട്ടക്കൂട് നടപ്പാക്കാനുള്ള സംവിധാനത്തെ കുറിച്ച് ചര്‍ച്ചകളില്‍ ഉടന്‍ പങ്കെടുക്കാന്‍ പ്രസ്ഥാനം പൂര്‍ണമായും തയാറാണ് – ഹമാസ് പ്രസ്തവനയില്‍ പറഞ്ഞു.
എന്നാല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായം, ഈജിപ്തുമായുള്ള അതിര്‍ത്തിയിലെ റഫ ക്രോസിംഗ് വഴിയുള്ള കടന്നുപോകല്‍, ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള സമയക്രമം വ്യക്തമാക്കല്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഹമാസ് വരുത്താന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ ഇസ്രായിലിന് സ്വീകാര്യമല്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഹമാസിനെ നിരായുധീകരിക്കണമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഹമാസ് നിരാകരിക്കുന്നു.
ഇറാനുമായി കഴിഞ്ഞ മാസം നടന്ന 12 ദിവസത്തെ യുദ്ധത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി, ഇറാന്‍ ആണവായുധം നേടുന്നില്ലെന്ന് ഉറപ്പാക്കാന്‍ താനും ട്രംപും ശ്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങള്‍ സമാധാന വലയം വികസിപ്പിക്കാനുള്ള അവസരം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന ഏകദേശം 50 ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപമുള്ള പൊതു ചത്വരത്തില്‍ ജനക്കൂട്ടം ഒത്തുകൂടി. പ്രതിഷേധക്കാര്‍ ഇസ്രായിലി പതാകകള്‍ വീശുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ബന്ദികളുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് മിന്നലാക്രമണം നടത്തിയതോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളായി പിടിച്ചു. ഇസ്രായില്‍ സൈനിക നടപടിയില്‍ 57,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. പട്ടിണി പ്രതിസന്ധി സൃഷ്ടിച്ചു. ഗാസയിലെ മുഴുവന്‍ ജനങ്ങളും പലതവണ ആവര്‍ത്തിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. 21 മാസമായി തുടരുന്ന യുദ്ധം ഗാസയിലെങ്ങും വ്യാപകമായ നാശം വിതച്ചു. ഹമാസിന്റെ കസ്റ്റഡിയില്‍ ശേഷിക്കുന്ന ബന്ദികളില്‍ ഏകദേശം 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. നയതന്ത്ര ചര്‍ച്ചകളിലൂടെയാണ് ഭൂരിഭാഗം ബന്ദികളെയും ഹമാസ് നേരത്തെ വിട്ടയച്ചത്. ബന്ദികളില്‍ ചിലരെ ഗാസയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു.