ഗാസ – ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ എന്നറിയിപ്പെടുന്ന ഹുദൈഫ അല്‍കഹ്ലൂത്ത് കൊല്ലപ്പെട്ടതായി അല്‍ഖസ്സാം നേതാക്കള്‍ സ്ഥിരീകരിച്ചു. അബൂഉബൈദയെ വധിച്ചതായി ഓഗസ്റ്റ് 30 ന് ഇസ്രായില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഗാസ നഗരത്തിന് പടിഞ്ഞാറുള്ള അല്‍രിമാല്‍ ഡിസ്ട്രിക്ടിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ നടത്തിയ ആക്രമണത്തിലാണ് ഇസ്രായില്‍ അബൂഉബൈദയെ വധിച്ചതെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അബൂഉബൈദക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിരുന്നത്. അദ്ദേഹത്തിന്റെ വധത്തിന് രണ്ട് ദിവസത്തിന് ശേഷം, ഓപ്പറേഷനില്‍ അബൂഉബൈദ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രായില്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആയിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. അബൂഉബൈദ കൊല്ലപ്പെട്ടതായി കുടുംബ വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഹമാസ് വൃത്തങ്ങള്‍ പരസ്പരവിരുദ്ധമായ വിവരണങ്ങളാണ് നല്‍കിയത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തതാണ് തർക്കത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. ശരീരത്തിന്റെ വലിയൊരു ഭാഗം തന്നെ കത്തി നശിച്ചിരുന്നു.അവശേഷിച്ച കൈയുടെ ഒരു ഭാഗമാണ് പിന്നീട് അദ്ദേഹത്തെ തിരിച്ചറിയാൻ സഹായിച്ചത്.
ഇസ്രായില്‍ ആക്രമണത്തില്‍ അബൂഉബൈദയുടെ ഭാര്യയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ നാലാമത്തെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. അബൂഉബൈദക്കൊപ്പം കുട്ടിയുടെ ശരീരവും ഇല്ലാതായതാവാനാണ് സാധ്യത. യുദ്ധകാലത്ത് അബൂഉബൈദയുടെ കുടുംബം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ലെങ്കിലും ജനുവരിയിലെ അവസാന വെടിനിര്‍ത്തലിന് ശേഷം അദ്ദേഹവും കുടുംബവും ഒരുമിച്ചായിരുന്നു താമസം.
അബൂഉബൈദ അല്‍ഖസ്സാം ബ്രിഗേഡ്‌സ് സൈനിക കൗണ്‍സിലിലെ അംഗമാണ്. അബൂഉബൈദയ്ക്ക് നാല് കുട്ടികളാണുള്ളത്. 16 വയസുള്ള ഇബ്രാഹിമാണ് മൂത്ത മകന്‍. ലയാന്‍, മിന്നത്തുല്ല, യമാന്‍ എന്നിവരാണ് മറ്റു മക്കള്‍.
ഫലസ്തീന് പുറത്തായിരുന്നു അബൂഉബൈദയുടെ ജനനം. അദ്ദേഹം ഇസ്‌ലാമിക ശരീഅത്ത് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഡോക്ടറേറ്റ് പൂര്‍ത്തിയാക്കാറായിരുന്നു. അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് എന്ന നിലയില്‍ 2003 മുതല്‍ അബൂഉബൈദ നിരവധി വധശ്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇസ്രായിൽ ആക്രമണത്തിൽ അബൂഉബൈദയുടെ മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.