ഗാസ – ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തു ഇസ്രായിലി ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ സമ്മതിച്ചതായി ഹമാസ് പറഞ്ഞു. ഇസ്രായിലിന്റെ കടുംപിടുത്തം കാരണം ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുടെ ഒഴുക്ക്, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കല്‍, സ്ഥിരമായ വെടിനിര്‍ത്തലിനുള്ള യഥാര്‍ഥ ഉറപ്പുകള്‍ എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹമാസ് പറഞ്ഞു. ദക്ഷിണ ഗാസയിലെ സുപ്രധാന ഇടനാഴിയില്‍ തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഇസ്രായില്‍ പറഞ്ഞു. ഇത് ചര്‍ച്ചകളെ തടസ്സപ്പെടുത്തിയേക്കും.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലത്ത് ഇസ്രായില്‍ മൊറാഗ് എന്ന് വിളിക്കുന്ന ഗാസയിലെ കിഴക്ക്-പടിഞ്ഞാറ് അച്ചുതണ്ട് ഉള്‍പ്പെടെയുള്ള പ്രദേശത്ത് തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്താനുള്ള ഇസ്രായിലിന്റെ ആഗ്രഹം ചര്‍ച്ചകളില്‍ നിര്‍ണായക വിഷയമാണെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഫക്കും ഖാന്‍ യൂനിസിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജൂത കുടിയേറ്റ കേന്ദ്രത്തിന്റെ പേരാണ് മൊറാഗ്. ഈ രണ്ട് ഫലസ്തീന്‍ നഗരങ്ങള്‍ക്കുമിടയില്‍ ഇടനാഴി വ്യാപിപ്പിക്കണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചു.
മൊറാഗ് ഇടനാഴിയില്‍ കാലുറപ്പിക്കുക എന്നത് ലക്ഷക്കണക്കിന് ഫലസ്തീനികളെ തെക്ക് ഈജിപ്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ചെറിയ പ്രദേശത്തേക്ക് തള്ളിവിടാനുള്ള ഇസ്രായിലിന്റെ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഈ പ്രദേശത്തെ ഇസ്രായില്‍ മാനുഷിക നഗരം എന്ന് വിശേഷിപ്പിക്കുന്നു. ഗാസയിലെ ഇരുപതു ലക്ഷം നിവാസികളില്‍ നിരവധി പേരെ നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള പദ്ധതിയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നും പ്രദേശത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനുള്ള ഇസ്രായില്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും ഈ നീക്കത്തെ വിമര്‍ശിക്കുന്നവര്‍ ഭയപ്പെടുന്നു.
ഡസന്‍ കണക്കിന് ഇസ്രായിലികളെ ഇപ്പോഴും ബന്ദികളാക്കി വെച്ചിരിക്കുന്ന ഹമാസ് കീഴടങ്ങാനുള്ള ഇസ്രായിലിന്റെ ആഹ്വാനങ്ങള്‍ നിരാകരിക്കുന്നു. സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായില്‍ തങ്ങളുടെ എല്ലാ സൈന്യത്തെയും പിന്‍വലിക്കണമെന്ന് ഹമാസ് ആഗ്രഹിക്കുന്നു. ഗാസക്കുള്ളിലെ സ്ഥിരമായ ഇസ്രായിലി സൈനിക സാന്നിധ്യത്തെ ഹമാസ് ശക്തമായി നിരസിക്കുന്നു.
ഇസ്രായില്‍ പ്രധാനമന്ത്രിയുടെ മേലുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദം, ഗാസയില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാറിലെത്താനും യുദ്ധം അവസാനിപ്പിക്കാനുള്ള വിപുലമായ ചര്‍ച്ചകള്‍ ആരംഭിക്കാനും ലക്ഷ്യമിട്ട് ദോഹ ആതിഥേയത്വം വഹിക്കുന്ന ഹമാസും ഇസ്രായിലും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് കാരണമായി. വൈറ്റ് ഹൗസില്‍ ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഭാഗിക വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പ് വ്യവസ്ഥ ചെയ്യുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ നെതന്യാഹുവിനു മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തണമെന്ന് ഹമാസ് ആഗ്രഹിക്കുന്നു. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി (തിങ്കള്‍, ചൊവ്വ) രണ്ടു തവണ ട്രംപ് നെതന്യാഹുവുമായി ചര്‍ച്ച നടത്തി. വൈറ്റ് ഹൗസില്‍ നടന്ന 90 മിനിറ്റ് നീണ്ടുനിന്ന രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഗാസ വിഷയം മാത്രമാണ് ചര്‍ച്ച ചെയ്തത്.