കയ്‌റോ – മൂന്നു വര്‍ഷം മുമ്പ് ഈജിപ്തില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 83 വയസ് പ്രായമുള്ള ഗള്‍ഫ് പൗരന്‍ കൊല്ലപ്പെട്ടതായി ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ സ്ഥിരീകരിച്ചു. സിഗരറ്റ് സ്റ്റാള്‍ ഉടമയായ പ്രതി മോഷണ ലക്ഷ്യത്തോടെ 83 കാരനായ അബ്ദുല്ലയെ കൊലപ്പെടുത്തി ഫാമിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ഈജിപ്തുകാരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. 2023 ലാണ് ഗള്‍ഫ് പൗരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
2015 മുതല്‍ പതിവായി ഈജിപ്ത് സന്ദര്‍ശിച്ചിരുന്ന ഗള്‍ഫ് പൗരനുമായുള്ള ബന്ധം നഷ്ടപ്പെതായും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് സ്വിച്ച് ഓഫായതായും അബ്ദുല്ലയുടെ കുടുംബം ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. സിഗരറ്റ് സ്റ്റാള്‍ ഉടമയായ പ്രതിയുമായി ഗള്‍ഫ് പൗരന്‍ പരിചയത്തിലായിരുന്നെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി.
വസ്ത്ര വ്യാപാര പദ്ധതിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒരു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് പ്രതി ഗള്‍ഫ് പൗരനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഗള്‍ഫ് പൗരനെ ജീസയിലെ വിജനമായ സ്ഥലത്തെ ഫാമിലേക്ക് തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയ പ്രതി ഇവിടെ വെച്ച് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചു. ശേഷിച്ച അസ്ഥികള്‍ ചതച്ചരച്ച് ഫാമിനുള്ളില്‍ കുഴിച്ചിട്ടു. ഇരയുടെ കൈവശമുണ്ടായിരുന്ന 25,000 ഈജിപ്ഷ്യന്‍ പൗണ്ട് പ്രതി കൈക്കലാക്കുകയും ചെയ്തു.
മൃതദേഹാവശിഷ്ടങ്ങള്‍ ഫാമിനുള്ളില്‍ കുഴിച്ചിട്ട ശേഷം ഇരയുടെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ട പ്രതി ഗള്‍ഫ് പൗരന്‍ സുഖമായിരിക്കുന്നുവെന്നും കുടുംബവുമായി വീണ്ടും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു. ഗള്‍ഫ് പൗരനെ കാണാതായ വിവരം ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകളെ അറിയിച്ച കുടുംബം അജ്ഞാത വ്യക്തിയില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ച കാര്യവും സൂചിപ്പിച്ചിരുന്നു. പോലീസ് അറസ്റ്റിലായ പ്രതി കുറ്റകൃത്യത്തെ കുറിച്ച വിശദാംശങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.