ഗാസ – ഗാസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായിലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇസ്രായിലുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കണമെന്നും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ദുരന്തത്തിനപ്പുറത്തേക്ക് പോയിരിക്കുന്നതായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.
ഇസ്രായിലിനു മേല്‍ സമഗ്രമായ ആയുധ ഉപരോധം ഏര്‍പ്പെടുത്തണം. ഇസ്രായിലുമായുള്ള എല്ലാ വ്യാപാര കരാറുകളും ലോക രാജ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. ഇസ്രായിലുമായി സഹകരിക്കുന്നതിലൂടെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളില്‍ പങ്കാളികളാകുന്നതിന് കമ്പനികള്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നുവെന്ന് ഉറപ്പാക്കണമെന്നും ഫ്രാന്‍സെസ്‌ക അല്‍ബനീസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.