ഗാസ – രണ്ടു മാസത്തിനിടെ ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,373 ആയി ഉയര്‍ന്നതായി യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിനായി കാത്തിരിക്കുന്നതിനിടെ മെയ് അവസാനം മുതലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.
മെയ് 27 മുതല്‍ കുറഞ്ഞത് 1,373 ഫലസ്തീനികള്‍ ഭക്ഷണം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍ 859 പേര്‍ അമേരിക്കയും ഇസ്രായിലും പിന്തുണക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ റിലീഫ് വിതരണ കേന്ദ്രങ്ങളുടെ പരിസരത്തും 514 പേര്‍ ഭക്ഷ്യവസ്തുക്കള്‍ വഹിച്ച വാഹനവ്യൂഹമുള്ള വഴികളിലുമാണ് കൊല്ലപ്പെട്ടതെന്നും ഈ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ഇസ്രായില്‍ സൈന്യമാണ് നടത്തിയതെന്നും ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കായുള്ള മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
തെക്കന്‍ ഗാസയിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം രണ്ട് പേര്‍ ഉള്‍പ്പെടെ ഇന്ന് ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ രണ്ട് ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മഹ്മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു.
ഖാന്‍ യൂനിസിന് തെക്ക് പടിഞ്ഞാറുള്ള അല്‍മവാസിയിലെ ത്വബരിയ പ്രദേശത്തെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ അഞ്ച് പേരും മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ബലഹിന്റെ മധ്യഭാഗത്ത് സിവിലിയന്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേരുമാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിനും റഫക്കും ഇടയില്‍ ഇസ്രായില്‍ സേനയുടെ നിയന്ത്രണത്തിലുള്ള മൊറാഗ് ജംഗ്ഷന് സമീപം ഭക്ഷ്യവസ്തുക്കള്‍ക്കായി കാത്തുനിന്നവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 70 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.
മധ്യ ഗാസയിലെ വാദി ഗാസ പാലത്തിന് സമീപമുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം സഹായത്തിനായി കാത്തിരിക്കുന്നതിനിടെ പതിനാല് പേര്‍ക്ക് പരിക്കേറ്റതായി പാരാമെഡിക്കുകള്‍ പറഞ്ഞു. തെക്കന്‍, മധ്യ ഗാസ മുനമ്പിലെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് നയിക്കുന്ന റോഡുകളില്‍ പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്ക് പ്രവേശിക്കുന്ന നിരവധി ഭക്ഷ്യ സഹായ ട്രക്കുകള്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള കെറെം ഷാലോം ക്രോസിംഗ് വഴിയാണ് കടന്നുപോകുന്നത്. ഗാസ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് യു.എന്‍ എയ്ഡ് ഏജന്‍സികള്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി.