റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് സമീപം കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ ബാലന്മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. അതേസമയം, ഭീകരരെയാണ് തങ്ങള്‍ കൊലപ്പെടുത്തിയതെന്ന് സൈന്യം പറഞ്ഞു. ബെത്ലഹേമിലെ അല്‍ഖിദര്‍ ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഹ്മദ് അലി അസ്അദ് അശീറ അല്‍സ്വലാഹ് (15 വയസ്), മുഹമ്മദ് ഖാലിദ് ഉലയ്യാന്‍ ഈസ (17 വയസ്) എന്നീ ബാലന്മാര്‍ രക്തസാക്ഷിത്വം വരിച്ചതായും അവരുടെ മൃതദേഹങ്ങള്‍ ഇസ്രായില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഭീകര സംഘത്തില്‍പ്പെട്ട രണ്ട് പേരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. അല്‍ഖിദര്‍ പ്രദേശത്തിന് സമീപം ഇസ്രായില്‍ സൈന്യത്തിന്റെ ഓപ്പറേഷനിടെ പെട്രോള്‍ ബോംബുകള്‍ ഹൈവേയിലേക്ക് എറിയുന്ന ഏതാനും ഭീകരരെ സൈനികര്‍ കണ്ടു. സൈനികര്‍ ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പ്രതികരിച്ചു. അവരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു – സൈന്യം പറഞ്ഞു.
ഗാസ യുദ്ധത്തിന് കാരണമായ 2023 ഒക്ടോബറില്‍ ഹമാസ് ഇസ്രായിലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കുറഞ്ഞത് 964 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ പറയുന്നു. ഇതേ കാലയളവില്‍, ഫലസ്തീന്‍ ആക്രമണങ്ങളിലോ സായുധ ഏറ്റുമുട്ടലുകളിലോ 53 ഇസ്രായിലികളും കൊല്ലപ്പെട്ടു. ഇക്കൂട്ടത്തില്‍ 35 പേര്‍ വെസ്റ്റ് ബാങ്കിലും 18 പേര്‍ ഇസ്രായിലിലുമാണ് കൊല്ലപ്പെട്ടത്.