ഗാസ – ഗാസ സിറ്റിയുടെ മധ്യഭാഗത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സിറ്റിയിലെ അഹ്‌മദ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ഒരു കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ കുറഞ്ഞത് മൂന്ന് വ്യോമാക്രമണങ്ങള്‍ നടത്തി. ആക്രമണത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രദേശത്തെ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ മറ്റൊരു സിവിലിയന്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
ഗാസ മുനമ്പിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ഇസ്രായിലി സൈനിക വാഹനങ്ങള്‍ കനത്ത വെടിവെപ്പ് നടത്തി. ഇവിടുത്തെ നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ പീരങ്കി ഷെല്ലാക്രമണവും നടന്നതായി പ്രാദേശിക സ്രോതസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തിന്റെ തെക്കുകിഴക്ക് സെയ്തൂന്‍ ഡിസ്ട്രിക്ടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തു. ഇതേ ഡിസ്ട്രിക്ടിന്റെ കിഴക്കന്‍ ഭാഗത്ത് ഇസ്രായില്‍ സൈന്യം പീരങ്കി ഷെല്ലാക്രമണവും നടത്തി.



