തെല്‍അവീവ് – ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവില്‍ ആയിരക്കണക്കിന് ഇസ്രായിലികള്‍ പങ്കെടുത്ത ബഹുജന പ്രകടനം നടന്നു. ദോഹയില്‍ നടന്നുകൊണ്ടിരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ഇസ്രായില്‍ പ്രതിനിധി സംഘം മടങ്ങിയ പശ്ചാത്തലത്തില്‍, യുദ്ധം അവസാനിപ്പിക്കണമെന്നും എല്ലാ ബന്ദികളെയും തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവിലെ ഹബീമ സ്‌ക്വയറില്‍ വലിയ ജനക്കൂട്ടം ഒത്തുകൂടി.
രാഷ്ട്രീയ കാരണങ്ങളാല്‍ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിക്കുന്ന ബാനറുകള്‍ ഏന്തി ഇസ്രായിലിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
യുദ്ധം അവസാനിപ്പിക്കാനും ഗാസയിലുള്ള ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാനും കരാര്‍ വേണമെന്ന് പ്രകടത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. യുദ്ധത്തിന് അതിന്റെ ലക്ഷ്യവും കാരണവും നഷ്ടപ്പെട്ടുവെന്ന് ഇവര്‍ വാദിച്ചു. ഗാസയില്‍ തടവില്‍ കഴിയുന്ന സൈനികന്‍ നിമ്രോഡ് കോഹന്റെ അമ്മ വിക്കി കോഹന്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ കുടുംബങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.