ഗാസ – ലോക മനഃസാക്ഷിയെ പിടിച്ചുലച്ച് ഗാസയിലെ പട്ടിണിക്കോലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗാസ മുനമ്പിന്റെ തെക്ക് ഖാന്‍ യൂനിസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ക്യാന്‍വാസും നൈലോണും കൊണ്ട് കെട്ടിയുണ്ടാക്കിയ തമ്പില്‍ ദാരുണമായ മാനുഷിക സാഹചര്യം അനുഭവിക്കുന്ന 85 വയസ്സുള്ള ഫലസ്തീന്‍കാരനായ സലീം അസ്ഫൂര്‍ ഇത്തരത്തില്‍ പെട്ട ഒരു പട്ടിണിക്കോലമാണ്. ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട സലീമിന്റെ ശരീരം വിശപ്പ് കൊണ്ട് തളര്‍ന്നുപോയിരിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഗാസക്കെതിരായ ഇസ്രായിലിന്റെ ഉപരോധത്തിന്റെ ഫലമായും വ്യവസ്ഥാപിതമായ പട്ടിണി നയവും ഇസ്രായിലിന്റെ വംശഹത്യയും കാരണവും വിശപ്പ് കൊണ്ട് തളര്‍ന്നുപോയ ആയിരക്കണക്കിന് ഫലസ്തീനികളില്‍ ഒരാളാണ് സലീം.
ഏതാണ്ട് ഒരു അസ്ഥികൂടം പോലെ, പട്ടിണിയുടെ ലക്ഷണങ്ങള്‍ വ്യക്തമായി കാണിക്കുന്ന സലീം അസ്ഫൂറിന്റെ മെലിഞ്ഞ ശരീരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഫലസ്തീന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ചലനശേഷിയും കാഴ്ചശക്തിയും കുറഞ്ഞ് കടുത്ത ബലഹീനത അനുഭവിക്കുന്ന സലീമിന് മറ്റുള്ളവരുടെ സഹായമില്ലാതെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. ആറ് കുട്ടികളുടെ പിതാവായ അസ്ഫൂര്‍ ഖാന്‍ യൂനിസിന് കിഴക്കുള്ള അബസാന്‍ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
ഇസ്രായില്‍ സേനയില്‍ നിന്ന് വീട് ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ഖാന്‍ യൂനിസ് നഗരത്തിന്റെ പടിഞ്ഞാറോട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. ഗാസയിലെ പള്ളിയില്‍ മുഅദ്ദിന്‍ ആയാണ് സലീം അസ്ഫൂര്‍ തന്റെ ജീവിതം ചെലവഴിച്ചത്. വിശ്വാസികളെ നമസ്‌കാരത്തിന് ആഹ്വാനം ചെയ്ത് ദിവസത്തില്‍ അഞ്ച് തവണ മുടങ്ങാതെ പള്ളിയില്‍ ബാങ്ക് വിളിച്ചു. ശരീരഭാരം പകുതിയോളം കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ നില്‍ക്കാനോ ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്. ശരീരഭാരം 75 കിലോഗ്രാമില്‍ നിന്ന് 40 കിലോഗ്രാമില്‍ താഴെയായി.
എന്റെ കാഴ്ചശക്തി ദുര്‍ബലമാണ്, ഭക്ഷണപാനീയങ്ങളുടെ അഭാവം കാരണം എനിക്ക് ബാത്ത്‌റൂമിലേക്ക് നടക്കാന്‍ പോലും കഴിയുന്നില്ല. കഴിക്കാന്‍ കാര്യമായി ഒന്നും കിട്ടുന്നില്ല. തുടര്‍ച്ചയായി അഞ്ച് ദിവസമായി താന്‍ റൊട്ടി കഴിച്ചിട്ടില്ല – സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പില്‍ സലിം അസ്ഫൂര്‍ പറഞ്ഞു. ഞാന്‍ മരണത്തിന്റെ വക്കിലാണ്, എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു, പക്ഷേ എന്റെ ഏറ്റവും വലിയ ഭയം എന്റെ കുട്ടികളെ കുറിച്ചാണ്. ഈ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആരാണ് ഭക്ഷണം നല്‍കുക? – വിട്ടുമാറാത്ത ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിച്ച അസ്ഫൂര്‍ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.
ഞാന്‍ എല്ലാ ദിവസവും ഭര്‍ത്താവിനെയോര്‍ത്ത് കരയുന്നു, ഭര്‍ത്താവും എപ്പോഴും കരയുന്നു. ഭര്‍ത്താവിന്റ ശരീരം പതുക്കെ നിശ്ചലമാകാന്‍ പോകുന്നു. ഇത് കണ്ട് ഭര്‍ത്താവിനും സഹിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ തമ്പില്‍ ഉപ്പ് മാത്രമേ ഉള്ളൂ – സലീം അസ്ഫൂറിന്റെ ഭാര്യ നസ്‌റീന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണി കിടക്കുന്ന ഫലസ്തീനികളുടെ ചിത്രങ്ങള്‍ സമീപ ആഴ്ചകളില്‍ ലോകത്തെ ആശങ്കാകുലരാക്കി. പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചവരുടെ എണ്ണം 94 കുട്ടികളുള്‍പ്പെടെ 188 ആയി ഉയര്‍ന്നതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രായില്‍ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 61,020 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. 1,50,671 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ട. ഇതില്‍ 14 പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണം തേടി എത്തിയവരായിരുന്നെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.