റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ നെസെറ്റിന്റെ തീരുമാനം ഫലസ്തീൻ ജനതയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം. ഈ വംശീയവും കൊളോണിയൽ സ്വഭാവമുള്ളതുമായ തീരുമാനം, വംശഹത്യ, നാടുകടത്തൽ, അധിനിവേശം എന്നിവയുടെ മറ്റൊരു പ്രകടനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനും, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമവായത്തെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്.
നെസെറ്റിന്റെ പ്രമേയം വംശഹത്യയുടെ ലക്ഷ്യങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുകയും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും തമ്മിലുള്ള വേർതിരിവ് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രായേലിനോടുള്ള അന്താരാഷ്ട്ര ആവശ്യങ്ങളുടെ നിരർഥകതയ്ക്ക് ഇത് പുതിയ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും അവരുടെ നിയമാനുസൃത ദേശീയ അവകാശങ്ങൾ അംഗീകരിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിന്റെയും ജോർദാൻ താഴ്വരയുടെയും മേലുള്ള പരമാധികാരം പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ഫലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽശൈഖ് ശക്തമായി അപലപിച്ചു. 13നെതിരെ 71 വോട്ടുകൾക്ക് പാസായ പ്രമേയം, വെസ്റ്റ് ബാങ്ക് ഇസ്രായേലിൽ കൂട്ടിച്ചേർക്കാനും ഫലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യത ഇല്ലാതാക്കാനും ആവശ്യപ്പെടുന്നു. നിയമശക്തിയില്ലെങ്കിലും, ഫലസ്തീൻ പ്രദേശത്തിന് മേലുള്ള ഇസ്രായേലിന്റെ “സ്വാഭാവികവും ചരിത്രപരവും നിയമപരവുമായ” അവകാശം സ്ഥിരീകരിക്കാൻ പ്രമേയം ശ്രമിക്കുന്നു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിലെയും പ്രതിപക്ഷത്തിലെയും എം.പിമാർ പ്രമേയത്തെ പിന്തുണച്ചു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുമെന്നും ജൂത ജനതയുടെ മാതൃരാഷ്ട്രത്തിലെ സമാധാനപരമായ ജീവിതത്തിനുള്ള അവകാശത്തെ സംരക്ഷിക്കുമെന്നും എം.പിമാർ വാദിച്ചു. ജൂഡിയയിലെയും സമരിയയിലെയും (1967 മുതൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ഇസ്രായേൽ നാമം) പരമാധികാരം സയണിസ്റ്റ് ദർശനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പ്രഖ്യാപിക്കുന്നു.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി, ബലപ്രയോഗത്തിലൂടെ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള നെസെറ്റിന്റെ നീക്കത്തെ ശക്തമായി വിമർശിച്ചു. “ഇസ്രായേലിന്റെ അപകടകരമായ പിടിച്ചെടുക്കൽ നയങ്ങളെ ഈ നീക്കം സ്ഥിരീകരിക്കുന്നു. ഇത് മേഖലയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും അന്താരാഷ്ട്ര, യു.എൻ. പ്രമേയങ്ങളെ ലംഘിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
ഈ നിരുത്തരവാദപരമായ നടപടി മേഖലയിൽ സംഘർഷങ്ങൾ വർധിപ്പിക്കുകയും ഫലസ്തീൻ ജനതയുടെ ദുരിതം കൂട്ടുകയും ചെയ്യുമെന്ന് അൽബുദൈവി മുന്നറിയിപ്പ് നൽകി. സമഗ്രവും നീതിയുക്തവുമായ സമാധാനത്തിനുള്ള സാധ്യതകളെ ഭീഷണിപ്പെടുത്തുന്ന ഏകപക്ഷീയ നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1967-ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ ജി.സി.സി. അചഞ്ചലമായി പിന്തുണക്കുന്നതായും അൽബുദൈവി ആവർത്തിച്ചു.