സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന് ഇസ്രായിൽ വിദേശ മന്ത്രി
തെൽ അവീവ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഒരിക്കലും സ്ഥാപിക്കപ്പെടില്ലെന്ന് ഇസ്രായിൽ വിദേശ മന്ത്രി ഗിഡിയോൻ സാഅർ പ്രസ്താവിച്ചു. സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനും ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കാനും യു.എൻ ആസ്ഥാനത്ത് ന്യൂയോർക്കിൽ സമ്മേളനം സംഘടിപ്പിച്ചതിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതിനും പിന്നാലെയാണ് ഈ പ്രസ്താവന.
ഹമാസ് മാനുഷിക സഹായ വസ്തുക്കൾ മോഷ്ടിക്കുകയും അവ വിൽപ്പന നടത്തി യുദ്ധസമയത്ത് സാമ്പത്തിക സ്രോതസ്സായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് സാഅർ പത്രസമ്മേളനത്തിൽ ആരോപിച്ചു. “സുരക്ഷ ത്യജിക്കാൻ ഇസ്രായിലിനെ ഒരു ബാഹ്യശക്തിയും നിർബന്ധിക്കില്ല. ഗാസയിൽ സൈനിക സമ്മർദം ഫലപ്രദമാണ്, എന്നാൽ നയതന്ത്രത്തിനും ഞങ്ങൾ തയാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ ഇസ്രായിൽ ഭൂമിയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കുന്നത് യാഥാർഥ്യബോധമുള്ള പദ്ധതിയാണെന്നും ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് വ്യക്തമാക്കി. നിലവിലെ സർക്കാർ ഭരണകാലത്ത് വെസ്റ്റ് ബാങ്കിൽ ഇസ്രായിലിന്റെ ഔപചാരിക പരമാധികാരം അടിച്ചേൽപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ചിനെ സര്‍ക്കാരില്‍ നിലനിര്‍ത്താനായി, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ മുനമ്പിലെ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി സുരക്ഷാ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ഗാസയില്‍ മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് സ്മോട്രിച്ചിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഗാസയിലെ ബഫര്‍ സോണ്‍ ആണ് ഇസ്രായിലില്‍ ആദ്യമായി കൂട്ടിച്ചേര്‍ക്കുക. പിന്നീട് വടക്കന്‍ ഗാസ പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കും. തുടര്‍ന്ന് ഗാസ മുനമ്പ് മുഴുവന്‍ ഇസ്രായിലില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനാണ് പദ്ധതി. ഈ പദ്ധതിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ നിന്ന് പച്ചക്കൊടി ലഭിച്ചിട്ടുണ്ട്. ഇസ്രായില്‍ സ്ട്രാറ്റജിക്കാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍ ഇത് യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോക്ക് സമര്‍പ്പിച്ചതായും വൈറ്റ് ഹൗസില്‍ നിന്ന് പിന്തുണ ലഭിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഗാസ മുനമ്പിലേക്ക് കൂടുതലായി മാനുഷിക സഹായം അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഗാസ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ നെതന്യാഹു ശ്രമിക്കുന്നത്. തുടക്കത്തില്‍ ഈ പദ്ധതിയില്‍ നെതന്യാഹുവിന് ആവേശമില്ലായിരുന്നു. എന്നാല്‍, തന്റെ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അത് നടപ്പാക്കാന്‍ അദ്ദേഹം ഇപ്പോള്‍ തയ്യാറാണ്. ഗാസ മുനമ്പിന്റെ 90 ശതമാനം മുതല്‍ 100 ശതമാനം വരെ പ്രദേശങ്ങളുടെ നിയന്ത്രണം പിടിക്കാനുള്ള പദ്ധതി ഇസ്രായില്‍ സൈന്യം മന്ത്രിസഭക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് ഇസ്രായിലിലെ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു.
ഗാസ മുഴുവന്‍ കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മെയ് തുടക്കത്തില്‍ ഇസ്രായില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നതായി വാര്‍ത്തകള്‍ ചോര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയില്‍ ഗാസ മുനമ്പ് മുഴുവനായും കൈവശപ്പെടുത്തുന്നത് ഉള്‍പ്പെടുന്നതായി നെതന്യാഹുവിന്റെ ഓഫീസിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 12 പറഞ്ഞു. ഗാസ മുനമ്പ് പിടിച്ചെടുക്കുന്നതും ഫലസ്തീനികളെ വടക്ക് നിന്ന് തെക്കോട്ട് മാറ്റുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സൈനിക നടപടി വിപുലീകരിക്കുന്നത് മുഴുവന്‍ മുനമ്പും നിയന്ത്രിക്കുന്ന ഘട്ടത്തിലെത്തുമെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് ഉദ്ധരിച്ചു.
അധിനിവേശം പൂര്‍ത്തിയാക്കിയ ശേഷം ഇസ്രായില്‍ ഗാസ മുനമ്പില്‍ നിന്ന് പിന്മാറില്ലെന്ന് മത സയണിസം പാര്‍ട്ടിയെ നയിക്കുന്ന സ്മോട്രിച്ച് മെയ് അഞ്ചിന് പ്രസ്താവിച്ചിരുന്നു. ഗാസയും പൂര്‍ണമായും നശിപ്പിക്കണമെന്ന് സ്മോട്രിച്ച് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പാതി പരിഹാരങ്ങളില്ല. റഫ, ദെയ്ര് അല്‍ബലഹ്, നുസൈറാത്ത്… പൂര്‍ണ നാശം. വ്യാഖ്യാനത്തിന് ഇടമില്ല – സ്മോട്രിച്ച് പറഞ്ഞതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിലേക്ക് റിലീഫ് വസ്തുക്കള്‍ അനുവദിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തില്‍ സ്മോട്രിച്ച് രോഷാകുലനാണെന്നും ഭരണ സഖ്യത്തിനുള്ളില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, സര്‍ക്കാരില്‍ അദ്ദേഹം തുടരുന്നതിനെ കുറിച്ച് കൂടിയാലോചനകള്‍ നടത്തുകയാണെന്നും സ്മോട്രിച്ചിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇസ്രായിലി മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.