ലണ്ടന്‍ – ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും അടക്കം 20 ലേറെ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രായില്‍ സര്‍ക്കാരിന്റെ റിലീഫ് വിതരണ മാതൃക അപകടകരമാണെന്നും അസ്ഥിരതക്ക് ആക്കം കൂട്ടുന്നുവെന്നും ഗാസയിലെ ജനങ്ങളുടെ മാനുഷിക അന്തസ്സ് നഷ്ടപ്പെടുത്തുന്നുവെന്നും ഈ രാജ്യങ്ങള്‍ പറഞ്ഞു. താഴെ ഒപ്പിട്ടിരിക്കുന്ന തങ്ങള്‍ ഒരുമിച്ച് ലളിതവും അടിയന്തിരവുമായ ഒരു സന്ദേശം അയക്കുന്നു, ഗാസയിലെ യുദ്ധം ഇപ്പോള്‍ അവസാനിപ്പിക്കണം – ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, മറ്റ് രാജ്യങ്ങള്‍ എന്നിവയുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കും മുഴുവന്‍ മേഖലക്കും സുരക്ഷയും സമാധാനവും നല്‍കുന്ന രാഷ്ട്രീയ പ്രക്രിയക്കും അടിയന്തിര വെടിനിര്‍ത്തലിനും പിന്തുണ നല്‍കുന്നതിന് കൂടുതല്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ തയാറാണെന്ന് വിദേശ മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ ഭക്ഷ്യസഹായം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ 800 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഭക്ഷ്യസഹായത്തിന്റെ ക്രമരഹിതമായ വിതരണത്തെയും റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തുന്നതിനെയും അപലപിക്കുന്നതായും രാജ്യങ്ങള്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ശൃംഖലക്കു പകരം ഗാസയില്‍ ഭക്ഷ്യസഹായം വിതരണം ചെയ്യാന്‍ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനു കീഴിലെ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്രായില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
സഹായ വിതരണത്തിനായി ഇസ്രായില്‍ സര്‍ക്കാര്‍ സ്ഥാപിച്ച മാതൃക അപകടകരമാണ്.
ഇത് അസ്ഥിരത വര്‍ധിപ്പിക്കുകയും ഗാസയിലെ ജനങ്ങളുടെ മാനുഷിക അന്തസ്സ് നഷ്ടപ്പെടുത്തുന്നതായും വിദേശ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ആഹ്വാനം ചെയ്യുന്നതും ഇസ്രായിലിന്റെ റിലീഫ് വിതരണ സംവിധാനത്തെ വിമര്‍ശിക്കുന്നതും ഇസ്രായിലുമായി സഖ്യത്തിലുള്ള രാജ്യങ്ങളാണ്. അമേരിക്കയാണ് ഇസ്രായിലിനെ ഏറ്റവും ശക്തമായി പിന്തുണക്കുന്നത്.
യു.എന്‍ നേതൃത്വത്തിലുള്ള സംവിധാനത്തെ മറികടന്ന് ഗാസയിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സ്വകാര്യ യു.എസ് സുരക്ഷാ, ലോജിസ്റ്റിക് കമ്പനികളെ ഉപയോഗിക്കുന്നു. സിവിലിയന്മാര്‍ക്കുള്ള സഹായ വസ്തുക്കള്‍ കൊള്ളയടിക്കാന്‍ യു.എന്‍ സംവിധാനം ഹമാസിനെ അനുവദിച്ചെന്ന് ഇസ്രായില്‍ അവകാശപ്പെടുന്നു. എന്നാല്‍ ഹമാസ് ഈ ആരോപണം നിഷേധിക്കുന്നു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ റിലീഫ് വിതരണ മാതൃക സുരക്ഷിതമല്ലെന്നും മാനുഷിക നിഷ്പക്ഷതാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും യു.എന്‍ വിശേഷിപ്പിക്കുന്നു. ഇത് ഫൗണ്ടേഷന്‍ നിഷേധിക്കുന്നു.