റോം: ഫലസ്തീൻ രാഷ്ട്രത്തെ നിലവിൽ അംഗീകരിക്കില്ലെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായ ശേഷം മാത്രമേ ഇറ്റലി അതിനെ അംഗീകരിക്കൂ എന്ന് അവർ പറഞ്ഞു. “ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഞാൻ ശക്തമായി അനുകൂലിക്കുന്നു. എന്നാൽ, അത് സ്ഥാപിതമാകുന്നതിന് മുമ്പ് അംഗീകരിക്കുന്നത് പ്രതികൂല ഫലങ്ങൾക്ക് കാരണമാകും. നിലവിലില്ലാത്ത ഒന്നിനെ കടലാസിൽ മാത്രം അംഗീകരിച്ചാൽ, പ്രശ്നം പരിഹരിക്കപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ യഥാർഥത്തിൽ അത് പരിഹരിക്കപ്പെടില്ല,” മെലോണി പറഞ്ഞു.
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിനിടെ, 2025 സെപ്റ്റംബറിൽ യു.എൻ. ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തെ ഇസ്രയേലും യു.എസും അപലപിച്ചിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം ഇസ്രയേലിനെ അംഗീകരിക്കുന്നതിനോടൊപ്പം സമന്തരമായി നടക്കണമെന്ന് ഇറ്റലി വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി വ്യക്തമാക്കി. അടുത്ത കാലത്ത് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, ദ്വിരാഷ്ട്ര പരിഹാരത്തിന് പുരോഗതി കൈവരിക്കുന്നതിനാണ് മുൻഗണനയെന്നും ജർമനി സർക്കാർ വക്താവ് അറിയിച്ചു.