ജറൂസലം: 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ മിന്നലാക്രമണത്തോടെ ആരംഭിച്ച ഗാസ യുദ്ധം 22 മാസം പിന്നിടുമ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (IDF) കനത്ത മനുഷ്യ-ഭൗതിക നഷ്ടം വരുത്തുന്നു. 898 സൈനികരും ഓഫീസര്‍മാരും കൊല്ലപ്പെട്ടതായും 18,500-ലേറെ പേര്‍ക്ക് പരിക്കേറ്റതായും യെദിയോത്ത് അഹ്‌റോനോത്ത് പത്രം വെളിപ്പെടുത്തി. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ 891 മരണങ്ങളും 6,193 പരിക്കുകളും മാത്രമാണ് രേഖപ്പെടുത്തിയത്, യഥാര്‍ഥ നഷ്ടം ഇതിലും വലുതാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാനസിക ആഘാതം, ആത്മഹത്യ, ദീര്‍ഘകാല വൈകല്യങ്ങള്‍ എന്നിവ മറച്ചുവെക്കുന്നതായും ആരോപണമുണ്ട്.
2023 ഒക്ടോബര്‍ 27-ന് തുടങ്ങിയ ഗാസയിലെ കരയാക്രമണത്തില്‍ 454 സൈനികര്‍ കൊല്ലപ്പെട്ടു. 2,872 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ 551 പേര്‍ക്ക് ഗുരുതര പരിക്കുകളാണ്. സതേണ്‍ കമാന്‍ഡില്‍ 73 അപകട മരണങ്ങളും (24 ആയുധ പിഴവുകള്‍, 31 സഹസൈനികരുടെ വെടിവെപ്പ്, 7 റോഡ് അപകടങ്ങള്‍), നോര്‍ത്തേണ്‍ കമാന്‍ഡില്‍ 5 മരണങ്ങളും രേഖപ്പെടുത്തി. 1,998 പേര്‍ക്ക് സൈനിക നടപടികളിലും 736 പേര്‍ക്ക് റോഡ്, ജോലി, വ്യോമയാന അപകടങ്ങളിലും പരിക്കേറ്റു.
ഇസ്രായേല്‍ സൈന്യം മരണ-പരിക്ക് കണക്കുകള്‍ മനഃപൂര്‍വം മറച്ചുവെക്കുന്നതായി ആരോപണമുണ്ട്. ഔദ്യോഗികമായി 6,193 പരിക്കുകളും 891 മരണങ്ങളും മാത്രമാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, യെദിയോത്ത് അഹ്‌റോനോത്ത് 18,500-ലേറെ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇതില്‍ 924 എണ്ണം ഗുരുതര പരിക്കുകളാണ്. മാനസിക ആഘാതം, ദീര്‍ഘകാല വൈകല്യങ്ങള്‍, ആത്മഹത്യകള്‍ എന്നിവ ഔദ്യോഗിക കണക്കുകളില്‍ പൂര്‍ണമായി ഉള്‍പ്പെടുത്താത്തതിനാല്‍ യഥാര്‍ഥ നഷ്ടം വ്യക്തമല്ല.


യുദ്ധം 10,000-ലേറെ സൈനികരെ മാനസികമായി തളര്‍ത്തി. 3,769 പേര്‍ക്ക് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) സ്ഥിരീകരിച്ചു. 2023-നും 2025-നും ഇടയില്‍ 42 സൈനികര്‍ ആത്മഹത്യ ചെയ്തു. 2024ല്‍ 1,600 പേര്‍ക്ക് PTSD ബാധിച്ചതായി മാരിവ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2025-ല്‍ സൈനികരുടെ മാനസിക പ്രതിസന്ധികള്‍ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ”യുദ്ധം സൈനികരുടെ മനോവീര്യത്തെ തകര്‍ക്കുന്നു. PTSD, ഉത്കണ്ഠ, വിഷാദം എന്നിവ വ്യാപകമാണ്,” ഹാരെറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേസമയം യുദ്ധച്ചെലവ് 305 ബില്യണ്‍ ഷെക്കല്‍ (87 ബില്യണ്‍ ഡോളര്‍) കവിഞ്ഞു. ധനക്കമ്മി 106.2 ബില്യണ്‍ ഷെക്കലായി (31.5 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു, 2025-ല്‍ ഇത് വര്‍ധിക്കുമെന്ന് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് സൂചിപ്പിച്ചു. റിസര്‍വ് ഡ്യൂട്ടിക്ക് വേണ്ടി 60 ബില്യണ്‍ ഷെക്കല്‍ (17.5 ബില്യണ്‍ ഡോളര്‍) നഷ്ടമുണ്ടായി. സൈനിക വാഹനങ്ങള്‍, ഉപകരണങ്ങള്‍, ഡ്രോണുകള്‍ എന്നിവയില്‍ വന്‍നഷ്ടം രേഖപ്പെടുത്തി.
സ്ഥിരം സൈനികരെ നിലനിര്‍ത്തി റിസര്‍വ് ഡ്യൂട്ടി ചെലവ് കുറയ്ക്കാന്‍ IDF നടപടികള്‍ തുടങ്ങി. പ്രതിവര്‍ഷം 10,000 അധിക സൈനികര്‍ ആവശ്യമായതിനാല്‍, ഹരേദി (തീവ്ര ഓര്‍ത്തഡോക്‌സ് ജൂത) വിഭാഗത്തെ സൈന്യത്തില്‍ ചേര്‍ക്കാനുള്ള നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.