തെല്‍അവീവ് – ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാത്ത കാലത്തോളം യുദ്ധം വിശ്രമമില്ലാതെ തുടരുമെന്ന് ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ ഇസ്രായില്‍ സേനയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സൈനിക മേധാവി.
എന്റെ വിലയിരുത്തലില്‍, നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള ഒരു കരാറിലെത്തുമോ എന്ന് വരും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിയും. ബന്ദി മോചന കരാറിലെത്താത്തപക്ഷം, യുദ്ധം വിശ്രമമില്ലാതെ തുടരും. യുദ്ധം തുടരുകയാണ്, മാറിക്കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാനായി ഞങ്ങള്‍ അതിനെ പൊരുത്തപ്പെടുത്തും. യുദ്ധത്തില്‍ നേടിയ വിജയങ്ങള്‍ സൈന്യത്തിന് പ്രവര്‍ത്തനപരമായ വഴക്കം നല്‍കുന്നതായും ഇയാല്‍ സാമിര്‍ കൂട്ടിച്ചേര്‍ത്തു.
കെട്ടിച്ചമച്ച പട്ടിണിയെ കുറിച്ച വ്യാജ ആരോപണങ്ങളുടെ ഇപ്പോഴത്തെ പ്രചാരണം, ധാര്‍മികബോധമുള്ള സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി ആരോപിക്കാനുള്ള മനഃപൂര്‍വവും ആസൂത്രിതവും തെറ്റായതുമായ ശ്രമമാണ്. ഗാസ നിവാസികളുടെ കൊലപാതകത്തിനും കഷ്ടപ്പാടിനും ഹമാസാണ് ഉത്തരവാദി എന്നും ഇസ്രായിലി സംയുക്ത സേനാ മേധാവി പറഞ്ഞു. വെള്ളിയാഴ്ച നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരോടൊപ്പം ഇയാല്‍ സാമിര്‍ ഗാസയില്‍ ഫീല്‍ഡ് സന്ദര്‍ശനവും സാഹചര്യ വിലയിരുത്തലും നടത്തിയതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹമാസ് ആക്രമണത്തിന്റെ ഫലമായി 1,219 പേര്‍ മരിച്ചു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ആക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ട 251 പേരില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ തന്നെ തുടരുന്നു. ഇതില്‍ 27 പേര്‍ മരണപ്പെട്ടതായി ഇസ്രായില്‍ സൈന്യം പറയുന്നു.
ഹമാസ് ആക്രമണത്തോട് വിനാശകരമായ യുദ്ധത്തിലൂടെയും സൈനിക നടപടികളിലൂടെയും ഇസ്രായില്‍ പ്രതികരിച്ചു. ഇതിന്റെ ഫലമായി കുറഞ്ഞത് 60,332 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇക്കൂട്ടത്തില്‍ പകുതിയോളം കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. ഔദ്യോഗിക സൈനിക കണക്കനുസരിച്ച് 898 ഇസ്രായിലി സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 22 മാസത്തെ യുദ്ധത്തിനുശേഷം, ഗാസ സമ്പൂര്‍ണ പട്ടിണി നേരിടുന്നു. പ്രധാനമായും സഹായത്തെ ആശ്രയിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഗാസ ജനസംഖ്യ, ഇസ്രായിലിന്റെ കര്‍ശനമായ ഉപരോധത്തിലാണ് കഴിയുന്നത്.