തെല്‍അവീവ്: ഗാസ യുദ്ധം കാരണം റിസര്‍വ് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചതിന് ഇസ്രായിലി റിസര്‍വ് സൈനികന് 20 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇസ്രായില്‍ സൈന്യത്തിന്റെ 228-ാമത് ബ്രിഗേഡിലെ 8207-ാമത് ബറ്റാലിയനിലെ പ്ലാറ്റൂണ്‍ കമാന്‍ഡറായ ക്യാപ്റ്റന്‍ റോണ്‍ വീനറിനാണ് ശിക്ഷ. ഗാസ യുദ്ധത്തിനെതിരായി നിലപാട് പ്രഖ്യാപിക്കുകയും സേവനം തുടരാന്‍ വിസമ്മതിക്കുകയും ചെയ്ത റിസര്‍വ് വിമതരുടെ കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഫോര്‍ ഹോസ്റ്റേജസിലെ അംഗം കൂടിയാണ് ക്യാപ്റ്റന്‍ റോണ്‍ വീനര്‍.
ഒക്‌ടോബര്‍ ഏഴു മുതല്‍ 270 ദിവസം റിസര്‍വുകളില്‍ സേവനമനുഷ്ഠിച്ച കോംബാറ്റ് ഓഫീസര്‍ എന്ന നിലയില്‍ എന്റെ ബറ്റാലിയന്‍ കമാന്‍ഡര്‍ എന്നെ 20 ദിവസത്തെ തടവിന് ശിക്ഷിച്ചു. മാസങ്ങളോളം ഞാന്‍ റിസര്‍വ് സേനയില്‍ ഉണ്ടായിരുന്നു. ഇത് നിരന്തരം എന്റെ ജീവന്‍ അപകടത്തിലാക്കി. സിവിലിയന്‍ ജീവിതം ഉപേക്ഷിക്കേണ്ടിയും വന്നു. ഈ അഭൂതപൂര്‍വവും അനുയോജ്യവുമല്ലാത്ത ശിക്ഷയില്‍ ഞാന്‍ ഞെട്ടിപ്പോയി – ക്യാപ്റ്റന്‍ റോണ്‍ വീനര്‍ പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങളാല്‍ റിസര്‍വ് ഓഫീസര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇതിന് സൈന്യത്തില്‍ സ്ഥാനമില്ല. അതുകൊണ്ട് സൈനികനെതിരെ വിധി പ്രഖ്യാപിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. റിസര്‍വ് സര്‍വീസില്‍ ചേരാന്‍ വിസമ്മതിക്കുന്നതില്‍ ഇസ്രായില്‍ സൈന്യം കര്‍ശനമായ നടപടിയാണ് സ്വീകരിക്കുന്നത്. കമാന്‍ഡര്‍മാര്‍ ഓരോ കേസും പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യുന്നു – ഇസ്രായില്‍ സൈന്യം പറഞ്ഞു. വടക്കന്‍ ഇസ്രായിലില്‍ നിലയുറപ്പിച്ചിരിക്കുന്ന 146-ാം ഡിവിഷന് കീഴിലാണ് 228-ാം ബ്രിഗേഡ് പ്രവര്‍ത്തിക്കുന്നത്. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കണക്കിലെടുക്കുമ്പോള്‍ ബ്രിഗേഡിനെ അവിടെ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.