ദോഹ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ബന്ദികളെ വിട്ടയക്കാനുമുള്ള കരാറിലെത്തിച്ചേരാനുള്ള പ്രധാന മധ്യസ്ഥന്റെ റോളിൽ നിന്ന് ഖത്തർ പിൻവാങ്ങിയതായും ദോഹയിലെ ഹമാസ് ഓഫീസ് സാന്നിധ്യം ന്യായീകരിക്കത്തക്കതല്ലെന്ന് ഹമാസിനെ അറിയിച്ചതായും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപോർട്ട് ചെയ്തു.
നല്ല ഉദ്ദേശ്യത്തോടെ വെടിനിർത്തൽ കരാറിനെ കുറിച്ച് ചർച്ച ചെയ്യാത്തിടത്തോളം കാലം മധ്യസ്ഥശ്രമം തുടരാൻ തങ്ങൾക്ക് കഴിയില്ലെന്നും ഇതിന്റെ ഫലമെന്നോണം ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയ ഓഫീസിന് അതിന്റെ ഉദ്ദേശ്യം നിറവേറ്റാൻ കഴിയില്ലെന്നും ഖത്തരികൾ ഇസ്രായേലികളെയും ഹമാസിനെയും അറിയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ ദോഹയിലെ ഹമാസ് ഓഫീസ് അടച്ചുപൂട്ടിയോ എന്ന കാര്യം ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ഗാസ യുദ്ധം ആരംഭിച്ച ശേഷം ഖത്തറിന്റെയും അമേരിക്കയുടെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥശ്രമങ്ങളിലൂടെ 2023 നവംബറിൽ മാത്രമാണ് ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാറിലെത്തിയത്. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ ഇസ്രായേൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് ബന്ദികളാക്കിയവരിൽ ചിലരെ വിട്ടയച്ചിരുന്നു. ഇതിനു ശേഷം പല റൗണ്ട് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
2023 ഒക്‌ടോബർ ഏഴിന് ദക്ഷിണ ഇസ്രായേലിൽ ഹമാസ് നടത്തിയ അഭൂതപൂർവമായ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ഉടമ്പടി തടസ്സപ്പെടുത്തുന്നതിന് ഹമാസും ഇസ്രായേലും പരസ്പരം കുറ്റപ്പെടുത്തുന്നു.
പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഇസ്രായേൽ അധിനിവേശത്തിലൂടെ പതിനായിരക്കണക്കിന് നിരപരാധികൾക്കാണ് ഇതിനകം ഗാസയിലും മറ്റും ജീവൻ നഷ്ടമായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കഴിയുന്ന ക്യാമ്പുകളും മറ്റും തുടർച്ചയായി ആക്രമിക്കുമ്പോഴും ഇസ്രായേലിനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ യു.എന് പോലും സാധിക്കാത്ത സ്ഥിതിയാണ്. ഇത് മേഖലയിൽ കടുത്ത ആശങ്കയാണ് പടർത്തുന്നത്. ഖത്തറിന്റെ സമാധാന-സന്ധി സംഭാഷണ നീക്കങ്ങൾ കൂടി നിലച്ചാൽ ഇത് മേഖലയിൽ കൂടുതൽ കെടുതികൾക്കാണ് വഴിവെക്കുക.