ദോഹ – പതിനഞ്ചു മാസമായി തുടരുന്ന ഗാസ യുദ്ധത്തിനും ഇസ്രായില്‍ നരമേധത്തിനും അറുതി കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ആസന്നമാണെന്ന് റിപ്പോര്‍ട്ടുകള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ അന്തിമ കരട് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ഇന്ന് ഇസ്രായിലിനും ഹമാസിനും കൈമാറി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പങ്കെടുത്ത ചര്‍ച്ചകളില്‍ ഇന്നലെ അര്‍ധരാത്രിയില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിന്റെ കരടുരൂപം അംഗീകരിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇസ്രായിലി ചാരഏജന്‍സികളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും തലവന്മാരും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും അടുത്ത ആഴ്ച ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ യു.എസ് ദൂതനാകുന്ന സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചകളില്‍ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന അമേരിക്കന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്ന ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഖത്തറിലെ ഇസ്രായിലി, ഹമാസ് പ്രതിനിധികള്‍ക്ക് വെടിനിര്‍ത്തല്‍ കരാറിന്റെ കരട് ലഭിച്ചതായും ഇക്കാര്യത്തെ കുറിച്ച് ഇസ്രായില്‍ പ്രതിനിധി സംഘം ഇസ്രായില്‍ നേതാക്കളെ അറിയിച്ചതായും ഇസ്രായിലിലെ കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ കരട് തയാറാക്കിയതായി സ്ഥിരീകരിക്കാതെ ഹമാസ്, ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലെ പുരോഗതി വിവരിച്ചു.ഹമാസ് ഒരു നിര്‍ദേശത്തിന് മറുപടി നല്‍കിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കരാര്‍ ഒപ്പിടാന്‍ കഴിയുമെന്ന് മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദോഹയില്‍ നിന്നുള്ള വിവരങ്ങള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ചര്‍ച്ചയുമായി അടുത്ത ബന്ധമുള്ള പലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരു വിഭാഗവും തമ്മിലുള്ള വിടവുകള്‍ കുറഞ്ഞുവരികയാണ്. എല്ലാം അവസാനം വരെ ശരിയായാല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ഹമാസിന്റെ പക്കലുള്ള ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നതിനും ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി യുദ്ധം നിര്‍ത്തുക എന്ന തത്വത്തില്‍ ഇരുപക്ഷവും മാസങ്ങളായി സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനും ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കാനും ഈ കരാര്‍ കാരണമാകണമെന്ന് ഹമാസ് എപ്പോഴും വാദിക്കുന്നു. അതേസമയം, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായിലും പറയുന്നു.
ജനുവരി 20 ന് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു യഥാര്‍ഥ സമയപരിധിയായി ഇപ്പോള്‍ വ്യാപകമായി കാണുന്നു. അധികാരമേല്‍ക്കുന്നതിന് മുമ്പ് ഇസ്രായിലി ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ നരകം നേരിടേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും അധികാരമൊഴിയുന്നതിനു മുമ്പായി വെടിനിര്‍ത്തല്‍ കരാറിനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ വരെ ദോഹയില്‍ ചര്‍ച്ചകള്‍ നടന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സ്റ്റീവ് വിറ്റ്‌കോഫ് ദോഹയിലെ ഇസ്രായില്‍ പ്രതിനിധി സംഘത്തെയും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ഹമാസ് ഉദ്യോഗസ്ഥരെയും വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമാക്കാന്‍ പ്രേരിപ്പിച്ചു. ഈജിപ്തിലെ ജനറല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ഹസന്‍ മഹ്മൂദ് റശാദും ചര്‍ച്ചകളുടെ ഭാഗമായി ഖത്തര്‍ തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നവംബര്‍ അവസാനം മുതല്‍ ട്രംപ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നിരവധി തവണ ഖത്തറിലേക്കും ഇസ്രായിലിലേക്കും യാത്ര ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച അദ്ദേഹം ദോഹയിലായിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാണാന്‍ ഇസ്രായിലിലേക്ക് പോയി പിന്നീട് ദോഹയിലേക്കു തന്നെ മടങ്ങുകയായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ അടിയന്തരമായി പ്രഖ്യാപിക്കേണ്ടതിന്റെയും ബന്ദികളെ തിരികെ കൊണ്ടുവരേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ജോ ബൈഡന്‍ ഞായറാഴ്ച നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചിരുന്നു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തിയതിന് തിരിച്ചടിയെന്നോണമാണ് ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചത്. ഇതിനുശേഷം ഗാസയില്‍ 46,500 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെടുകയും ജനസംഖ്യയില്‍ ഭൂരിഭാഗവും കുടിയിറക്കപ്പെടുകയും ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള മുന്‍ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തിട്ടുള്ള കടുത്ത ദേശീയവാദിയായ ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളെ കീഴടങ്ങല്‍ എന്നും ഇസ്രായിലിന്റെ ദേശീയ സുരക്ഷക്ക് ഒരു ദുരന്തം എന്നും വിശേഷിപ്പിച്ച് അപലപിച്ചു.
ഇന്നും ഗാസയില്‍ രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. ഇസ്രായില്‍ ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അഭയാര്‍ഥി കുടുംബങ്ങള്‍ കഴിയുന്ന ഗാസ സിറ്റിയിലെ ഒരു സ്‌കൂളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഹമാസ് പോരാളികള്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 10 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് സായുധ വിഭാഗം ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ പറഞ്ഞു. നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഇസ്രായില്‍ സ്ഥിരീകരിച്ചിരുന്നു.