കയ്‌റോ – ഈജിപ്തിൽ ഗ്യാസ് പൈപ്പ്ലൈനിലെ സ്‌ഫോടനത്തില്‍ രണ്ടുപേർ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇസ്മായിലിയയിലെ അബൂസുല്‍ത്താന്‍ പ്രദേശത്തെ ഗ്യാസ് പൈപ്പ്ലൈന്‍ സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഈജിപ്ഷ്യന്‍ പെട്രോളിയം, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. വൈകുന്നേരം 6:40 ന് ഗ്യാസ് പൈപ്പ്ലൈന്‍ സമുച്ചയത്തില്‍ വലിയ ശബ്ദം കേട്ടതായി സൂയസ് പെട്രോളിയം സോണിന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് എമന്‍ജന്‍സി സംഘങ്ങളെ ഉടന്‍ സ്ഥലത്തേക്ക് അയച്ചു.
അപകടം നടന്ന സ്ഥലത്ത് ജോലി ആരംഭിക്കുന്നതിന് മുമ്പ് ഗ്യാസ് പൂര്‍ണമായും ശൂന്യമാക്കിയിരുന്നു. അപകട സമയത്ത് സ്ഥലത്ത് പ്രകൃതിവാതകം ഉണ്ടായിരുന്നില്ല. വെല്‍ഡിംഗ് പോയിന്റിലെ പൈപ്പ്ലൈനില്‍ നിന്ന് ട്രാന്‍സ്മിഷന്‍ ട്രാപ്പ് വേര്‍പെട്ടതായി സാങ്കേതിക സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പരിക്കേറ്റവരെ ഫായിദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്തെ പൈപ്പ്‌ലൈനില്‍ സംഭവ സമയത്ത് ഗ്യാസ് ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അപകടം ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.