പാരീസ് – ന്യൂയോര്‍ക്ക് സമ്മേളനത്തില്‍ പത്ത് രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍സി. ഫ്രാന്‍സ് ഉൾപ്പെടെ ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, അന്‍ഡോറ, സാന്‍ മറിനോ എന്നിവയാണ് ഈ രാജ്യങ്ങള്‍. യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി അടുത്ത തിങ്കളാഴ്ചയാണ് ന്യൂയോര്‍ക്കില്‍ സമ്മേളനം.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം വ്യക്തമായ ചുവപ്പ് വരയാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ ഏറ്റവും മോശമായ ലംഘനമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ‘പലസ്തീൻ അതോറിറ്റി തകരാതിരിക്കാൻ ഇസ്രായേലിൽ നിന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഞങ്ങള്‍ സമാധാനത്തിനായി ശ്രമിക്കുകയാണ്. എന്നാല്‍ വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് ഫ്രാന്‍സിനെ സംബന്ധിച്ചേടത്തോളം വ്യക്തമായ ചുവപ്പ് വരയാണ്’ – ഫ്രഞ്ച് പ്രസിഡന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിന് ഇന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സിവിലിയന്‍ നാശനഷ്ടങ്ങള്‍ കാരണം അന്താരാഷ്ട്ര തലത്തില്‍ പൊതുജനങ്ങളുടെ കണ്ണില്‍ ഇസ്രായില്‍ അവരുടെ പ്രതിച്ഛായയും വിശ്വാസ്യതയും പൂര്‍ണമായും നശിപ്പിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യാഴാഴ്ച ഇസ്രായിലി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൗദി അറേബ്യയും ഫ്രാന്‍സും സംയുക്തമായി നേതൃത്വം നല്‍കി ഫലസ്തീന്‍ വിഷയത്തില്‍ സെപ്റ്റംബര്‍ 22 ന് ഐക്യരാഷ്ട്രസഭയില്‍ ഉച്ചകോടി നടത്തും.