ന്യൂയോര്‍ക്ക് – ഫ്രാൻസ് ഉൾപ്പെടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു. യു.എന്‍ ജനറല്‍ അസംബ്ലി ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ വെച്ചാണ് വിവിധ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്. ഉച്ചകോടിയില്‍ ഫ്രാന്‍സ് ആണ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ലക്‌സംബര്‍ഗ്, ബെല്‍ജിയം, മൊണാക്കോ, മാള്‍ട്ട എന്നീ രാജ്യങ്ങൾ ഫലസ്തീന് അംഗീകാരം നൽകി.
ഉച്ചകോടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി പ്രഖ്യാപിച്ചു. നേരത്തെ ആസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നതാണ് സമാധാനത്തിനുള്ള ഏക പരിഹാരമെന്ന് മാക്രോണ്‍ പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തില്‍ ഫ്രഞ്ച് എംബസി സ്ഥാപിക്കാനുള്ള വ്യവസ്ഥയാണെന്നും മാക്രോണ്‍ പറഞ്ഞു. ഗാസ പട്ടിണിയിലാണ്, യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമം അവസാനിപ്പിക്കണമെന്നും മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല പറഞ്ഞു.
അതിനിടെ, കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു വ്യക്തമാക്കി.