നൗക്‌ചോട്ട് – സൗദി അറേബ്യയുടെ പൂര്‍ണ ധനസഹായത്തോടെ മൗറിത്താനിയയില്‍ നിര്‍മിക്കുന്ന കിംഗ് സല്‍മാന്‍ ആശുപത്രിക്ക് തറക്കല്ലിട്ടു. സൗദി ഡെവലപ്മെന്റ് ഫണ്ട് സി.ഇ.ഒ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍മുര്‍ശിദും മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒല്‍ദ് ശൈഖ് അല്‍ഗസുവാനിയും ചേര്‍ന്നാണ് തലസ്ഥാനമായ നൗക്‌ചോട്ടില്‍ കിംഗ് സല്‍മാന്‍ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. സൗദി ഡെവലപ്മെന്റ് ഫണ്ട് വഴി സൗദി ഗവണ്‍മെന്റ് ഗ്രാന്റ് ആയി നല്‍കുന്ന 70 ദശലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ആരോഗ്യ മേഖലക്കും മൗറിത്താനിയയില്‍ സുസ്ഥിര വികസനത്തിനുമുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ പിന്തുണ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മുഖ്താര്‍ ഒല്‍ദ് അജായ്, ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല സീദി മുഹമ്മദ് ഒദീഹ്, സാമ്പത്തിക, ധനകാര്യ മന്ത്രി സീദ് അഹ്മദ് ഒല്‍ദ് അബൂഹ്, മൗറിത്താനിയയിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല അല്‍റഖാബി എന്നിവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.
എമര്‍ജന്‍സി, പ്രസവചികിത്സ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, തീവ്രപരിചരണം, വൃക്കരോഗ ചികിത്സാ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ക്ലിനിക്കുകളും ആധുനിക സൗകര്യങ്ങളും അടങ്ങിയ 300 കിടക്കകളുള്ള സംയോജിത മെഡിക്കല്‍ സ്ഥാപനമാണ് സൗദി സഹായത്തോടെ നടപ്പാക്കുന്നത്. ആരോഗ്യ സ്‌പെഷ്യാലിറ്റികളില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും പരിശീലിപ്പിക്കുന്നതിലും യോഗ്യരാക്കുന്നതിലും കിംഗ് സല്‍മാന്‍ ആശുപത്രി പങ്കു വഹിക്കും.
തലസ്ഥാനമായ നൗക്‌ചോട്ടിലെ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും മൗറിത്താനിയയിലെ പരിമിത ശേഷിയുള്ള മെഡിക്കല്‍ സ്ഥാപനങ്ങളെ പിന്തുണക്കാനും 15 ആശുപത്രികള്‍ക്കുള്ള റഫറല്‍ സെന്ററായി പ്രവര്‍ത്തിക്കാനും കിംഗ് സല്‍മാന്‍ ആശുപത്രി ലക്ഷ്യമിടുന്നു. 1979 മുതല്‍, സൗദി ഡെവലപ്മെന്റ് ഫണ്ട് മൗറിത്താനിയയില്‍ 20 ലേറെ വികസന പദ്ധതികള്‍ക്കും പ്രോഗ്രാമുകള്‍ക്കും 665 ദശലക്ഷത്തിലേറെ ഡോളറിന്റെ ലഘുവായ്പകളിലൂടെ ധനസഹായം നല്‍കിയിട്ടുണ്ട്. കൂടാതെ 172 ദശലക്ഷത്തിലേറെ ഡോളറിന്റെ ഗ്രാന്റുകളും നല്‍കിയിട്ടുണ്ട്. സൗദി സഹായം മൗറിത്താനിയയില്‍ സുസ്ഥിര സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കുന്നു.