കയ്‌റോ– ആണവോര്‍ജ മേഖലയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത മുന്‍ ഈജിപ്ഷ്യന്‍ എന്‍ജിനീയറുടെ അവസ്ഥ കണ്ട് ഞെട്ടി ലോകം . വീടില്ലാതായി മാറിയ ഇവര്‍ തെക്കന്‍ ഈജിപ്തിലെ ജീസ ഗവര്‍ണറേറ്റിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഈ സംഭവം പുറംലോകം അറിഞ്ഞത് വ്യാപകമായ പ്രതിഷേധത്തിനും പ്രതികരണത്തിനും കാരണമായി. എന്‍ജിനീയര്‍ ലൈല ഇബ്രാഹിം ഹസ്സന്‍ (66) അന്‍ഷാസ് നഗരത്തിലെ ആണവോര്‍ജ അതോറിറ്റിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നു. വാടക ഗണ്യമായി ഉയര്‍ത്തിയ കെട്ടിട ഉടമയുമായുള്ള തര്‍ക്കം കാരണം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഏകദേശം ഏഴ് മാസം മുമ്പ് മുതല്‍ ഇവര്‍ ജീവിതം ഫുട്പാത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ കഥ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് വിഷയമായി മാറി. ഇതോടെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഇവരോട് മാന്യമായി പെരുമാറണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു.
ജീസ ഗവര്‍ണറേറ്റിലെ കഫ്ര്‍ തഹര്‍മസ് പ്രദേശത്ത് എട്ട് വര്‍ഷമായി 1,200 ഈജിപ്ഷ്യന്‍ പൗണ്ട് പ്രതിമാസ വാടകക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകക്ക് എടുത്താണ് താമസിച്ചിരുന്നതെന്ന് എന്‍ജിനീയര്‍ ലൈല വെളിപ്പെടുത്തി. വാടക കരാരില്‍ 10 ശതമാനം വര്‍ഷിക വര്‍ധന വ്യവസ്ഥ ചെയ്തിരുന്നു. സമീപ കാലത്ത് പ്രദേശത്ത് താമസത്തിനുള്ള ആവശ്യകത വര്‍ധിച്ചുവന്നത് വാടക ഉയരാന്‍ ഇടയാക്കി. ഏഴ് മാസം മുമ്പ് വീട്ടുടമസ്ഥന്‍ വാടക ഗണ്യമായി ഉയര്‍ത്തി. ഉയര്‍ന്ന വാടക നല്‍കാന്‍ തയാറല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പട്ടു. പുതിയ വാടക നല്‍കാനും അപ്പാര്‍ട്ട്‌മെന്റ് ഒഴിയാനും താന്‍ വിസമ്മതിച്ചു. എന്നാല്‍ കെട്ടിട ഉടമ അകത്തുകടന്ന് പൂട്ടുകള്‍ മാറ്റി. ഇതോടെ അന്തിയുറങ്ങാന്‍ വീടില്ലാതായി തെരുവില്‍ താമസിക്കാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നെന്ന് എന്‍ജിനീയര്‍ ലൈല വ്യക്തമാക്കി.
വ്യാപകമായ പൊതുജന പ്രതിഷേധത്തിനു പിന്നാലെ സാമൂഹിക ഐക്യദാര്‍ഢ്യ മന്ത്രാലയം ഇടപെടുകയും ആണവ ശാസ്ത്രജ്ഞയുടെ സാഹചര്യം വിലയിരുത്താന്‍ ഒരു സംഘം കഫര്‍ തഹര്‍മസിലെ അവളുടെ താമസസ്ഥലം സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സഹായത്തിനായുള്ള എന്‍ജിനീയര്‍ ലൈലയുടെ അപേക്ഷ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രിസഭക്കു കീഴിലെ സര്‍ക്കാര്‍ പരാതി സംവിധാനവും സ്ഥിരീകരിച്ചു.



