ലണ്ടന്‍ – ബ്രിട്ടനില്‍ സൗദി വിദ്യാര്‍ഥി മുഹമ്മദ് അല്‍ഖാസിമിന്റെ കൊലപാതകത്തിന് പിന്നാലെ മാഞ്ചസ്റ്ററില്‍ മറ്റൊരു മുസ്ലിം യുവാവ് കൂടി കുത്തേറ്റു മരിച്ചു. മാഞ്ചസ്റ്ററിലെ ബറിയിലെ പാര്‍ക്കിംഗ് സ്ഥലത്താണ് 19 കാരനായ മുഹമ്മദ് അഫ്സല്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് 19 വയസ്സുള്ള രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
പ്രതികളില്‍ ഒരാള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. മറ്റുള്ളവരെ ബറിയിലും ബോള്‍ട്ടണിലും വെച്ചാണ് അറസ്റ്റ് ചെയ്തതെന്നും ബ്രിട്ടീഷ് പോലീസ് പറഞ്ഞു. ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു. അതിനാല്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയില്ല -പോലീസ് ചീഫ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ബ്രിട്ടീഷ് നഗരമായ കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി മുഹമ്മദ് അല്‍ഖാസിമിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പുതിയ സംഭവം. അതേസമയം മുഹമ്മദ് അല്‍ഖാസിമിനെ കുത്തിക്കൊലപ്പെടുത്തിയതിന് ബ്രിട്ടീഷ് പൗരനായ ചാസ് കോറിഗനെതിരെ ബ്രിട്ടീഷ് പോലീസ് ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തി. പ്രതിയെ ഇന്നലെ പീറ്റര്‍ബറോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണം പരിഗണിച്ച് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അടുത്ത ബുധനാഴ്ച കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ പ്രതിയെ വീണ്ടും ഹാജരാകുമെന്ന് ബ്രിട്ടീഷ് പത്രമായ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരമധ്യത്തിനടുത്തുള്ള മില്‍ പാര്‍ക്ക് പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11.27 ന് സംഘര്‍ഷം നടന്നതായി പോലീസില്‍ വിവരം ലഭിക്കുകയായിരുന്നെന്ന് കേംബ്രിഡ്ജ് ഷെയര്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സ്ഥലത്തെത്തിയ എമര്‍ജന്‍സി സംഘങ്ങള്‍ മുഹമ്മദ് അല്‍ഖാസിമിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ 12.01 ന് വിദ്യാര്‍ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.
കുറ്റവാളിയായ ചാസ് കോറിഗനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടന്നതിന് ശേഷം കുറ്റവാളിയെ സഹായിച്ചുവെന്ന സംശയിച്ച് 50 വയസ്സുള്ള മറ്റൊരാളെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി കേംബ്രിഡ്ജ് നിവാസിയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂട്ടുപ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്.
പത്താഴ്ചത്തെ ഇംഗ്ലീഷ് ഭാഷാ പഠന പ്രോഗ്രാമിനാണ് മുഹമ്മദ് അല്‍ഖാസിം കേംബ്രിഡ്ജിലെത്തിയത്. ലോകമെമ്പാടുമുള്ള വിദേശ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതില്‍ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമായ ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മുഹമ്മദ് അല്‍ഖാസിം പഠിച്ചിരുന്നത്.