ഇസ്താംബൂള്‍ : വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നതായി തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികയ അറിയിച്ചു. നിരാശരായ ഹോട്ടലിലെ താമസക്കാര്‍ കയറുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിലെ ജനാലകളില്‍ നിന്ന് ബെഡ്ഷീറ്റുകള്‍ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പുറത്തുവന്നു. സുരക്ഷിത സ്ഥലത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ചിലര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 170 കിലോമീറ്റര്‍ (100 മൈല്‍) വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കര്‍തല്‍കയ റിസോര്‍ട്ടിലാണ് അഗ്നിബാധ. വിവരമറിഞ്ഞ് നിരവധി മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഞങ്ങളുടെ വേദന വളരെ വലുതാണ് – ആഭ്യന്തര മന്ത്രി അലി യെര്‍ലികയ കര്‍തല്‍കയയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
66 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 51 പേര്‍ക്ക് പരിക്കേറ്റു – മന്ത്രി പറഞ്ഞു. മരപ്പലകകളുള്ള 12 നിലകളുള്ള ഗ്രാന്‍ഡ് കര്‍തല്‍ ഹോട്ടലില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3:27 ന് ആണ് തീപിടുത്തമുണ്ടായതെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ച നീളുന്ന തിരക്കേറിയ സ്‌കൂള്‍ അവധിക്കാലമായതിനാല്‍ സംഭവ സമയത്ത് ഹോട്ടലില്‍ 238 അതിഥികള്‍ താമസിച്ചിരുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹോട്ടലിന്റെ ജനാലകള്‍ വഴി ചാടിയ മൂന്ന് പേര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് സ്വകാര്യ ചാനലായ എന്‍.ടി.വി പറഞ്ഞു. ഹോട്ടലിലെ റെസ്റ്റോറന്റില്‍ നിന്നാണ് തീ ആദ്യം പടര്‍ന്നുപിടിച്ചതെന്ന് കരുതുന്നു. എന്നിരുന്നാലും അഗ്നിബാധയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പാറക്കെട്ടിലേക്ക് ചാഞ്ഞുകിടക്കുന്നതിനാല്‍ തീ അണക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ട് നേരിട്ടു.
ഞങ്ങളുടെ വേദന വലുതാണ്, ഞങ്ങളുടെ ഹൃദയവേദന വലുതാണ്- അങ്കാറയില്‍ നടന്ന, ഭരണകക്ഷിയായ എ.കെ.പി പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗാന്‍ പറഞ്ഞു. അഗ്നിബാധയുടെ കാരണത്തെ കുറിച്ച് ഭരണപരവും ജുഡീഷ്യല്‍പരവുമായ അന്വേഷണം ആരംഭിച്ചതായും പ്രസിഡന്റ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും വെളിച്ചത്തു കൊണ്ടുവരാനും ഉത്തരവാദികളായവരോട് കണക്കുചോദിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും – പ്രസിഡന്റ് പറഞ്ഞു.
അര്‍ധരാത്രിയോടെ ഞാന്‍ നിലവിളി കേട്ടു, ഹോട്ടല്‍ താമസക്കാര്‍ സഹായത്തിനായി നിലവിളിച്ചു -അടുത്തുള്ള മറ്റൊരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ബാരിസ് സല്‍ഗുര്‍ എന്‍.ടി.വി ചാനലിനോട് പറഞ്ഞു. അവര്‍ പുതപ്പ് ചോദിച്ചു, താഴേക്ക് ചാടുമെന്ന് പറഞ്ഞു. ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, കയറും തലയിണകളും കൊണ്ടുവന്നു, ഒരു സോഫയും കൊണ്ടുവന്നു. തീജ്വാലകള്‍ അവരുടെ അടുത്തേക്ക് വന്നപ്പോള്‍ ചിലര്‍ താഴേക്ക് ചാടി – ബാരിസ് സല്‍ഗുര്‍ പറഞ്ഞു.
ഹോട്ടല്‍ കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അഗ്നിബാധ ആരംഭിച്ചപ്പോള്‍ ഹോട്ടലില്‍ അലാറമൊന്നും മുഴങ്ങിയില്ലെന്നും അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഗോവണിപ്പടികളോ പുക ഡിറ്റക്ടറുകളോ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നും അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഹോട്ടലില്‍ രണ്ട് ഫയര്‍ എസ്‌കേപ്പുകള്‍ ഉണ്ടായിരുന്നതായി ടൂറിസം മന്ത്രി നൂറി എര്‍സോയ് പറഞ്ഞു. അഗ്നിബാധയെ കുറിച്ച് അന്വേഷിക്കാന്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചതായി നീതിന്യായ മന്ത്രി യില്‍മാസ് ടങ്ക് പറഞ്ഞു. ഹോട്ടലില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.