ബെയ്‌റൂത്ത്: ലെബനനിലെ സഘർത്ത ജില്ലയിലെ മജ്ദലയയിൽ കുടുംബ കലഹത്തിനിടെ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ലെബനീസ് പൗരൻ സഈദ് സന്കരി, ട്രിപ്പോളിയിലെ ഇസ്‌ലാമിക് ആശുപത്രിയിൽ ദിവസങ്ങൾക്ക് മുമ്പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹം മരണപ്പെട്ടു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കുടുംബ തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയും സഈദ് സന്കരിക്ക് ഭാര്യയിൽനിന്ന് പലതവണ കുത്തേറ്റതുമാണ്. ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. കൃത്യത്തിനുശേഷം ഭാര്യ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും, ട്രിപ്പോളിയിലെ തൽ ഡിസ്ട്രിക്ടിൽ വെച്ച് ആഭ്യന്തര സുരക്ഷാ സേനയുടെ ഇൻഫർമേഷൻ ബ്രാഞ്ച് പട്രോളിംഗ് സംഘം അവരെ അറസ്റ്റ് ചെയ്തു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭാര്യക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.