തെല്‍അവീവ് – ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കണമെന്ന ആവശ്യവുമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നെതന്യാഹു ഖത്തറിനോട് ആവശ്യപ്പെട്ടു. ‘ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങളെ പുറത്താക്കണം, അല്ലെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും’ – നെതന്യാഹു പറഞ്ഞു.
2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെത്തുടർന്ന് യുഎസ് സ്വീകരിച്ച നടപടികളുമായി നെതന്യാഹു ദോഹയിലെ ഇസ്രായില്‍ ആക്രമണത്തെ താരതമ്യം ചെയ്തു. സെപ്തംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് യു.എസ് എന്താണ് ചെയ്തതെന്ന് നെതന്യാഹു ചോദിച്ചു. ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങുമെന്നാണ് യു.എസ് അറിയിച്ചത്. തുടർന്ന് യു.എന്നിൽ ഇക്കാര്യത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു.
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അല്‍ഖാഇദ ഭീകരരെ പിന്തുടര്‍ന്ന് ആക്രമിച്ചു. അവര്‍ പാക്കിസ്ഥാനില്‍ പോയി ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തി. അതേ രീതിയിലാണ് ഞങ്ങളും പ്രവര്‍ത്തിച്ചത് – നെതന്യാഹു പറഞ്ഞു. ദോഹയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ട് നേതാക്കള്‍ക്ക് പരിക്കേറ്റതായും അവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവര്‍ കനത്ത സുരക്ഷയില്‍ ദോഹയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ നേതാക്കളുടെ പേരുകള്‍ ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ദോഹയിലെ അല്‍ഖത്തീഫിയ പ്രദേശത്തെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഫലസ്തീനികളും ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇസ്രായില്‍ ആക്രമണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട നിയമസംഘം ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രവര്‍ത്തനം ആരംഭിച്ചതായി ഖത്തര്‍ അറിയിച്ചു. ഖത്തര്‍ മന്ത്രിസഭാ തീരുമാനപ്രകാരം രൂപീകരിച്ച നിയമസംഘം നിയമ നടപടിക്രമങ്ങള്‍ സ്വീകരിക്കാനായി ആദ്യ യോഗം ചേര്‍ന്നതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ ആക്രമണവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കുന്നതിന് വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സ്വാലിഹ് അല്‍ഖുലൈഫിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഏത് സുരക്ഷാ നിയമ ലംഘനത്തെയും ശക്തമായി നേരിടുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു.