തെഹ്‌റാന്‍ – ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണം ഇറാനില്‍ രോഷാഗ്നി വര്‍ധിപ്പിച്ചതായി യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആണവ ബോംബ് സ്വന്തമാക്കാന്‍ ഇറാന്‍ നേതാക്കള്‍ ഇപ്പോള്‍ കൂടുതല്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഇറാന്‍ ആണവ പദ്ധതി നിയന്ത്രിക്കാന്‍ കരാര്‍ ആവശ്യമാണെന്ന് മൂന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എസ് ആക്രമണങ്ങള്‍ രഹസ്യമായി ആണവായുധം വികസിപ്പിക്കുന്നതിന് ഇറാന് പുതിയ പ്രോത്സാഹനമായി മാറിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായി ആണവ ചര്‍ച്ചകള്‍ നടത്താന്‍ യൂറോപ്യന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഒരു കരാറിലെത്താനുള്ള പ്രതീക്ഷകള്‍ ഇപ്പോള്‍ ദുര്‍ബലമാണെന്ന് അവര്‍ വിശ്വസിക്കുന്നു. യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കിയിട്ടില്ലെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു.
സമഗ്രമായ ഒരു ആണവ കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയെയും ഇറാനെയും ബോധ്യപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുന്നു. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ നിന്ന് തുടക്കത്തില്‍ അകന്നു നിന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ആരംഭിച്ച ആണവ ചര്‍ച്ചകളെ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ പാളം തെറ്റിച്ചു. ഇതിനുശേഷം ഇറാന്റെ കണക്കുകൂട്ടലുകള്‍ മാറിയേക്കാമെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങളിലും ആണവ ശേഷികളിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ ആശ്രയിച്ചിരിക്കും പുതിയ ചര്‍ച്ചകളുടെ രൂപരേഖകള്‍ എന്ന് ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളില്‍ എത്താന്‍ സമയമെടുക്കും. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ സമുച്ചയം എന്നിവിടങ്ങളിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും ഇറാന്റെ ആണവ പദ്ധതിയെ തുടച്ചുനീക്കിയിട്ടില്ലെന്ന് പ്രാഥമിക യൂറോപ്യന്‍ വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നതായും യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാനോ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാനോ ഇറാന്‍ സമ്മതിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇറാന്റെ ആണവ പദ്ധതിക്ക് സ്ഥിരമായ തിരിച്ചടി നേരിട്ടതായി താന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇറാന്‍ അത് മറ്റൊരു സ്ഥലത്ത് പുനരാരംഭിച്ചേക്കാമെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇറാന്‍ വിഷയം താന്‍ ചര്‍ച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞു.