വാഷിങ്ടൻ – ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അവരുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ചിരുന്നവയിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫോട്ടോ അടക്കമുള്ള രേഖകൾ അപ്രത്യക്ഷമായി. പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനുള്ളിലാണ് 16 ഫയലുകൾ അപ്രത്യക്ഷമായത്. എന്നാൽ ഇതു സംബന്ധിച്ച് സർക്കാരിൽനിന്ന് യാതൊരു വിശദീകരണവും പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ചയാണ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഈ ഫയലുകൾ അപലോഡ് ചെയ്തത്. ശനിയാഴ്ച ഈ ഫയലുകൾ അപ്രത്യക്ഷമാവുകയായിരുന്നു. എപ്‌സ്റ്റൈനൊപ്പം ട്രംപും ഭാര്യ മെലാനിയയും ഗിസ്‌ലേൻ മാക്‌സ്‌വെല്ലും നിൽക്കുന്ന ചിത്രങ്ങൾ, നഗ്നരായ സ്ത്രീകളെ ചിത്രീകരിക്കുന്ന ചിത്രങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ട ഫയലുകളിൽ പെടുന്നു. എന്തുകൊണ്ടാണ് ഫയലുകൾ നീക്കിയതെന്നോ അത് മനഃപൂർവമായിരുന്നോ തുടങ്ങിയ കാര്യങ്ങളിലൊന്നും ജസ്റ്റിസ് ഡിപ്പാർട്മെൻ്റ് വ്യക്തത വരുത്തിയിട്ടില്ല.
എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് രേഖകളാണ് യുഎസ് സർക്കാർ പുറത്തിറക്കിയിട്ടുള്ളത്. ഈ രേഖകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ അടക്കമുള്ള നിരവധി പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുന്നു. അതേസമയം, ട്രംപിനെക്കുറിച്ച് ചെറിയതോതിലുള്ള പരാമർശങ്ങൾ മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുള്ള ഭൂരിഭാഗം രേഖകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.



