വാഷിംഗ്ടണ്‍ – ഫലസ്തീന്‍ ബാലന്‍ വദീഅ് അല്‍ഫയൂമിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കക്കാരനായ ജോസഫ് ചുബ (73) ചിക്കാഗോ ജയിലില്‍ മരിച്ചു. 2023 ഒക്ടോബറില്‍ നടത്തിയ കുറ്റകൃത്യത്തിന് മൂന്നു മാസം മുമ്പ് ജോസഫ് ചുബയെ കോടതി 53 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. വംശീയ പ്രേരിതമായ വിദ്വേഷ കുറ്റകൃത്യമാണ് ചുബ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
വദീഅ് അല്‍ഫയൂമിയെ കൊലപ്പെടുത്തല്‍, ബാലന്റെ അമ്മ ഹനാന്‍ ശാഹീനെ പരിക്കേല്‍പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൊലപാതകം, കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് ജോസഫ് ചുബയെ 53 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
ഇസ്‌ലാം വിശ്വാസത്തിന്റെ പേരിലും കുറ്റകൃത്യത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തോടുള്ള പ്രതികരണമായുമാണ് ചുബ ഫലസ്തീന്‍ കുടുംബത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്. ചിക്കാഗോക്കടുത്തുള്ള ചുബയുടെ വീട്ടില്‍ ഒരു മുറി വാടകക്കെടുത്തിരുന്ന 32 കാരിയായ ഹനാന്‍ ശാഹീന്‍ 2023 ഒക്ടോബര്‍ 14 ന് ചുബ തന്റെ മുറിയില്‍ അതിക്രമിച്ച് കയറി പലതവണ കുത്തിയതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ച്ച് പോലീസില്‍ വിളിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വീട്ടിലെ കുളിമുറിയില്‍ കയറി വാതില്‍ അകത്തുനിന്ന് പൂട്ടിയാണ് ഹനാന്‍ ശാഹീന്‍ പോലീസ് സഹായം തേടിയത്. ഈ സമയത്ത് ചുബ യുവതിയുടെ ആറു വയസുകാരനായ മകന്‍ വദീഅ് അല്‍ഫയൂമിയെ ആക്രമിച്ചു. ബാലന്റെ ശരീരത്തില്‍ പ്രതി 26 തവണ ആഞ്ഞുകുത്തി. നിശ്ചലമാകുന്നതു വരെ പ്രതി കുഞ്ഞുബാലന്റെ ശരീരത്തില്‍ കുത്തുന്നത് തുടര്‍ന്നു.
ഇല്ലിനോയിസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍സില്‍ കസ്റ്റഡിയിലിരിക്കെ വ്യാഴാഴ്ച ചുബ മരിച്ചതായി വില്‍ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ ദുഷ്ട കൊലയാളി മരിച്ചു, പക്ഷേ വിദ്വേഷം നിലനില്‍ക്കുന്നു – കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് ചിക്കാഗോ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് രിഹാബ് പ്രസ്താവനയില്‍ പറഞ്ഞു.