കയ്‌റോ – അലക്‌സാണ്ട്രിയയിലെ കറമൂസ് ഉപ്പ് ചതുപ്പ് പ്രദേശത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന് പിന്നില്‍ അവരുടെ പിതാവാണെന്ന് കണ്ടെത്തിയതായി സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു. മക്കളെ പോറ്റാനുള്ള സാമ്പത്തിക പ്രയാസം കാരണമാണ് കുറ്റകൃത്യം ചെയ്തതെന്ന് ഫൂല്‍ വില്‍പ്പനക്കാരനായ പിതാവ് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ വ്യക്തമാക്കി. കുട്ടികളുടെ ഉമ്മയുടെ പെരുമാറ്റം കാരണം ചുറ്റുമുള്ളവരില്‍ നിന്ന് നേരിടേണ്ടി വന്ന പരിഹാസത്തില്‍ നിന്ന് രക്ഷപ്പെടാനും പ്രതി ആഗ്രഹിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കുട്ടികളുടെ മാതാവിനെ പ്രതി നേരത്തെ കൊലപ്പെടുത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.
ഇരകള്‍ 12 നും 16 നും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സംഭവ ദിവസം രാത്രിയില്‍ പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അഞ്ചാമത്തെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പിതാവിനൊപ്പം പോകാതെ തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന പിതൃസഹോദരിക്കൊപ്പം താമസിക്കാന്‍ അഞ്ചാമത്തെ കുട്ടി ഇഷ്ടപ്പെടുകയായിരുന്നു.
ലെവല്‍ ക്രോസിംഗില്‍ കുട്ടികളെ ട്രെയിനിന് മുന്നില്‍ എറിഞ്ഞ് കൊലപ്പെടുത്തി രക്ഷപ്പെടാന്‍ പിതാവ് ആദ്യം ശ്രമിച്ചെങ്കിലും സമീപത്തുള്ളവരുടെ സാന്നിധ്യം പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുകയായിരുന്നെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ട ശേഷം, കുട്ടികളെ പ്രലോഭിപ്പിച്ച് വിജനമായ ഉപ്പുവെള്ള പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മൂത്ത മകളുടെ കരഞ്ഞുള്ള അപേക്ഷകള്‍ അവഗണിച്ച് മക്കളെ ഓരോരുത്തരെയായി കഴുത്തു ഞെരിച്ചു കൊന്നു. കുറ്റകൃത്യത്തിനിടെ, നിങ്ങള്‍ക്ക് ഈ ലോകത്ത് ജീവിതമില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മൃതദേഹങ്ങള്‍ വെള്ളത്തിലേക്ക് എറിഞ്ഞു. കൃത്യത്തിനു ശേഷം യുവാവ് ദഖഹ്‌ലിയ ഗവര്‍ണറേറ്റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സുരക്ഷാ വകുപ്പുകള്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.



