കയ്‌റോ– വിസാ ഫീസ് 20 ഡോളര്‍ വര്‍ധിപ്പിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ഈജിപ്തിലേക്കുള്ള വിസ ഫീസ് 25 ഡോളറില്‍ നിന്ന് 45 ഡോളറായി ഉയര്‍ത്താന്‍ പസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അംഗീകാരം നല്‍കിയതായി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവ് വ്യക്തമാക്കുന്നു.
ഈജിപ്തിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന ഈജിപ്ഷ്യന്‍ ടൂറിസം ഫെഡറേഷന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് വിസാ ഫീസ് വര്‍ധിപ്പിച്ചത്. വിസാ ഫീസ് വര്‍ധന രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറക്കുമെന്നും ഇത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഫെഡറേഷന്‍ പ്രസ്താവിച്ചു. വിസ ഫീസ് വര്‍ധനവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ പ്രസിഡന്റ് ഹുസാം അല്‍ശാഇര്‍ കഴിഞ്ഞ മാസം ടൂറിസം മന്ത്രി ശരീഫ് ഫത്ഹിക്ക് കത്തയച്ചിരുന്നു. വിസാ ഫീസ് ഉയര്‍ത്തുന്നത് ടൂറിസം മേഖലയില്‍ ഈജിപ്തുമായി മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് മത്സരാധിഷ്ഠിത നേട്ടം നല്‍കുമെന്നും ഇത് ആ രാജ്യങ്ങളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറഞ്ഞു.
അതേസമയം, വിസാ ഫീസ് വര്‍ധനവ് ഈജിപ്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഈജിപ്ഷ്യന്‍ ടൂറിസം ഫെഡറേഷന്‍ അംഗമായ മുഹമ്മദ് ഉസ്മാന്‍ വ്യക്തമാക്കി. ഈ വര്‍ധനവ് ഈജിപ്തിലേക്കുള്ള യാത്രകളില്‍ വിനോദസഞ്ചാരികള്‍ ചെലവഴിക്കുന്ന പണത്തെ ബാധിക്കില്ല. ഈ തീരുമാനം സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് മുഴുവന്‍ മേഖലയെയും വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന സേവനങ്ങളെയും പോസിറ്റീവായി സ്വാധീനിക്കുമെന്നും മുഹമ്മദ് ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക കാഴ്ചപ്പാടിലും സമയക്രമത്തിലും ഈ വര്‍ധനവ് അനിവാര്യമാണെന്ന് താന്‍ വിശ്വസിക്കുന്നു. ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം തുറന്നതിന്റെ ഫലമായി സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈജിപ്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൂറിസ്റ്റുകളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു.
വിസാ ഫീസ് ചുമത്താത്ത രാജ്യങ്ങള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി പാര്‍ലമെന്റ് ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍മഖ്സൂദ് വ്യക്തമാക്കി. വിസാ ഫീസ് വര്‍ധനവ് ഇത്തവണത്തെ ടൂറിസ്റ്റ് സീസണില്‍ നടപ്പാക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അംഗീകാരം നല്‍കിയത് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളുടെ നിലവിലുള്ള ടൂറിസം പ്രോഗ്രാമുകള്‍ക്ക് നിശ്ചിത വര്‍ധനവ് ബാധകമാകുമെന്ന് അര്‍ഥമാക്കുന്നില്ല. വര്‍ധനവ് സംബന്ധിച്ച എക്‌സിക്യൂട്ടീവ് തീരുമാനം സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ഈ തീരുമാനം സര്‍ക്കാരും ടൂറിസം കമ്പനികളും തമ്മിലുള്ള ധാരണയോടെ മാത്രമേ പുറപ്പെടുവിക്കൂ എന്നും മുഹമ്മദ് അബ്ദുല്‍മഖ്സൂദ് അറിയിച്ചു.
വിസാ ഫീസിലെ വര്‍ധനവ് മേഖലയിലെ മറ്റ് രാജ്യങ്ങളിലെ വര്‍ധനവുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് ഈജിപ്ത് ടൂറിസം മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവായ വലീദ് അല്‍ബത്തൂത്തി പറഞ്ഞു. ചില ഈജിപ്ഷ്യന്‍ ടൂറിസം കമ്പനികള്‍ ഔദ്യോഗിക നിരക്കുകളേക്കാള്‍ ഉയര്‍ന്ന ഫീസ് പ്രവേശനത്തിനും ടൂര്‍ പാക്കേജുകള്‍ക്കും ഈടാക്കുന്നുണ്ട്. അതിനാല്‍ പുതിയ വര്‍ധനവ് നിലവില്‍ പ്രതികൂലമായി ബാധിക്കില്ല. ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം, ബീച്ച് ടൂറിസം, ഈജിപ്തിലെ മറ്റ് ആകര്‍ഷകമായ സ്ഥലങ്ങള്‍ തുടങ്ങിയ ഈജിപ്ഷ്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ കണക്കിലെടുക്കുമ്പോള്‍ വിസ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സ്വാഭാവികമാണ്. പല ടൂറിസം കമ്പനികളും വിസ ഫീസില്ലാതെ അന്താരാഷ്ട്ര വിപണികളില്‍ അവരുടെ പ്രോഗ്രാമുകളും ഡീലുകളും വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ വിസാ ഫീസ് വര്‍ധന ശൈത്യകാല ടൂറിസം സീസണില്‍ അവരുടെ പ്രോഗ്രാമുകളെ ബാധിക്കില്ലെന്നും വലീദ് അല്‍ബത്തൂത്തി വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ ഈജിപ്ഷ്യന്‍ മന്ത്രിസഭ പുറത്തിറക്കിയ ഡാറ്റ പ്രകാരം 2024 ല്‍ ഈജിപ്ത് 1.58 കോടി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തി.
കൊറോണ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 21 ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.



