കയ്‌റോ – കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈജിപ്തിന് സൂയസ് കനാല്‍ വരുമാനത്തില്‍ ഏകദേശം 900 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി വെളിപ്പെടുത്തി.
മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെയും ഈജിപ്ഷ്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മധ്യപൗരസ്ത്യ മേഖല നിലവില്‍ വഴിത്തിരിവിലാണ്. രാഷ്ട്രത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാഹചര്യത്തെ കുറിച്ചുള്ള ശരിയായ വിലയിരുത്തലുകള്‍ ആവശ്യമാണ്. ഗാസ യുദ്ധം അവസാനിപ്പിക്കാനും ഗാസയില്‍ സഹായവസ്തുക്കള്‍ പ്രവേശിപ്പിക്കാനും സര്‍വ ശക്തിയും ഉപയോഗിച്ച് ഈജിപ്ത് പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഗാസയില്‍ ബലമായി സഹായം എത്തിക്കുന്നതിന് ഈജിപ്തുകാരുടെ ജീവന്‍ താന്‍ പണയം വെക്കില്ലെന്നും അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു.
സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് മൊബിലൈസേഷന്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ പ്രകാരം, ജൂലൈയില്‍ സൂയസ് കനാല്‍ വരുമാനം 11 ശതമാനം തോതില്‍ വര്‍ധിച്ച് 35.9 കോടി ഡോളറിലെത്തി. 2024 ജൂലൈയില്‍ സൂയസ് കനാല്‍ വരുമാനം 32.3 കോടി ഡോളറായിരുന്നു. ജൂലൈയില്‍ കനാലിലൂടെ കടന്നുപോയ കപ്പലുകളുടെ എണ്ണം 0.8 ശതമാനം വര്‍ധിച്ച് 1,055 ആയി. 2024 ജൂലൈയില്‍ 1,047 കപ്പലുകളാണ് കനാലിലൂടെ കടന്നുപോയത്. ജൂലൈയില്‍ സൂയസ് കനാലിലൂടെ കപ്പലുകളില്‍ നീക്കം ചെയ്ത ചരക്ക് 6.8 ശതമാനം തോതില്‍ വര്‍ധിച്ച് 4.49 കോടി ടണ്‍ ആയി. 2024 ജൂലൈയില്‍ ഇത് 4.2 കോടി ടണ്‍ ആയിരുന്നു.
ചെങ്കടലിലെ സംഘര്‍ഷാവസ്ഥ കാരണം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സൂയസ് കനാല്‍ വരുമാനത്തില്‍ ഈജിപ്തിന് 145 ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് നഷ്ടമായെന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഈജിപ്ഷ്യന്‍ ധനമന്ത്രി അഹ്മദ് കുജൗക്ക് പറഞ്ഞു. വെല്ലുവിളികളെ നേരിടാനും പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമായി വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും പൊതു ധനകാര്യം വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ ഈജിപ്തിന് കഴിഞ്ഞതായി ധനമന്ത്രി പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈജിപ്തിന്റെ യഥാര്‍ഥ ജി.ഡി.പി വളര്‍ച്ച 4.5 ശതമാനത്തില്‍ എത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ മൂന്നോ നാലോ അന്താരാഷ്ട്ര ബോണ്ടുകള്‍ പുറത്തിറക്കാന്‍ ഈജിപ്ത് പദ്ധതിയിടുന്നതായും ധനമന്ത്രി പറഞ്ഞു.