കയ്‌റോ: വടക്കൻ ഈജിപ്തിലെ അലക്സാണ്ട്രിയ ക്രിമിനൽ കോടതി, അൽമഅമൂറ കശാപ്പുകാരൻ എന്നറിയപ്പെടുന്ന നസ്‌റുദ്ദീൻ അൽസയ്യിദിന് ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ചു. ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായം തേടിയ ശേഷം, കനത്ത സുരക്ഷാ സന്നിധ്യത്തിൽ കോടതി ഈ വിധി പ്രസ്താവിച്ചു. പ്രതിക്ക് വധശിക്ഷ നടപ്പാക്കുന്നതിനെ ഗ്രാൻഡ് മുഫ്തി അനുകൂലിച്ചതായി കോടതിയെ അറിയിച്ചിരുന്നു.
കർശന സുരക്ഷയിൽ പ്രതി വിധി പ്രസ്താവിക്കുന്ന സെഷനിൽ പങ്കെടുക്കാൻ അലക്സാണ്ട്രിയ ക്രിമിനൽ കോടതിയിലെത്തി. പ്രോസിക്യൂഷന്റെ വാദവും തെളിവുകളും പരിശോധിച്ച ശേഷം കോടതി വധശിക്ഷ വിധിച്ചു. വിചാരണയിൽ പങ്കെടുത്ത ഇരകളുടെ കുടുംബങ്ങൾ വിധിയെ സ്വാഗതം ചെയ്തു.
അൽമഅമൂറ കശാപ്പ് കേസ് ഈജിപ്തിനെ ഞെട്ടിച്ചിരുന്നു. അലക്സാണ്ട്രിയയിലെ അൽമഅമൂറ പ്രദേശത്ത് ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തി, മൃതദേഹങ്ങൾ വാടകയ്ക്കെടുത്ത രണ്ട് അപ്പാർട്ട്മെന്റുകളുടെ ടൈലുകൾക്ക് താഴെ കുഴിച്ചിട്ടതാണ് അഭിഭാഷകനായ നസ്‌റുദ്ദീനെതിരെ ചുമത്തിയ കുറ്റം.
— مكة (@maka85244532) July 27, 2025
മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ കാണാതായതായി അലക്സാണ്ട്രിയ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച പരാതികളാണ് കേസ് കണ്ടെത്താൻ വഴിയൊരുക്കിയത്. തന്റെ അഭിഭാഷക സ്ഥാനം ദുരുപയോഗം ചെയ്ത് ഇരകളെ വഞ്ചിച്ച് മോഷണവും കൊലപാതകവും നടത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിൽ വ്യക്തമായി. നിയമപരമായ പ്രൊഫഷനെ കുറ്റകൃത്യത്തിനുള്ള ഉപകരണമായി ഉപയോഗിച്ചതിനാൽ, പ്രതി തന്റെ പ്രൊഫഷണൽ വിശ്വാസ്യതയെ ലംഘിച്ചതായും, ഭാര്യ ഉൾപ്പെടെയുള്ള ഇരകളുടെ വിശ്വാസം ചൂഷണം ചെയ്ത് മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പ്രതിയുടെ മാനസികാരോഗ്യവും പ്രവൃത്തികളുടെ പൂർണ ഉത്തരവാദിത്തവും അബ്ബാസിയ മാനസികാരോഗ്യ ആശുപത്രിയിൽ 15 ദിവസത്തെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. 2025 ജൂണിൽ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് ഗ്രാൻഡ് മുഫ്തിക്ക് നിയമപരമായ അഭിപ്രായത്തിനായി റഫർ ചെയ്തു.
അന്വേഷണത്തിൽ ഭയാനകമായ വിശദാംശങ്ങൾ പുറത്തുവന്നു. മൃതദേഹങ്ങൾ ഒളിപ്പിക്കാൻ ഉപയോഗിച്ച അപ്പാർട്ട്മെന്റിന്റെ താക്കോൽ ഒരു വനിതാ സാക്ഷിയുടെ കൈവശമുണ്ടായിരുന്നതായും മറ്റ് വ്യക്തികൾക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായും പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ കേസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹഷീഷും മദ്യവും ഉപയോഗിക്കുന്ന പ്രതി, നുണ പറയുന്നതിനും കേസുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനും പേര് കേട്ടവനാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അൽഅസാഫിറ, അൽമഅമൂറ പ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ, ആദ്യം ഒരു എൻജിനീയറെ കൊലപ്പെടുത്തി റസിഡൻഷ്യൽ യൂനിറ്റിൽ കുഴിച്ചിട്ട പ്രതി, പിന്നീട് സ്വന്തം ഭാര്യയെയും മറ്റൊരു വനിതയെയും കൊലപ്പെടുത്തി മറ്റൊരു അപ്പാർട്ട്മെന്റിൽ കുഴിച്ചിട്ടു. തട്ടിക്കൊണ്ടുപോകലും കവർച്ചയും നടത്തിയാണ് ഈ കൊലപാതകങ്ങൾ നടപ്പാക്കിയത്.
ആദ്യ ഇരയായ എൻജിനീയറെ, ബിസിനസ്സ് ബന്ധം മുൻനിർത്തി സംഭവസ്ഥലത്തേക്ക് പ്രലോഭിപ്പിച്ച പ്രതി, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി റിയൽ എസ്റ്റേറ്റിന്റെയും കാറിന്റെയും ഉടമസ്ഥാവകാശം തനിക്ക് കൈമാറാൻ നിർബന്ധിച്ചു. അതോടൊപ്പം, മൊബൈൽ ഫോൺ, ഡെബിറ്റ് കാർഡ് എന്നിവ കൈക്കലാക്കി. ചെറുക്കാൻ ശ്രമിച്ചപ്പോൾ, പ്രതി എൻജിനീയറെ കുത്തിക്കൊലപ്പെടുത്തി.
കുടുംബ കലഹത്തെ തുടർന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ, ഭാര്യ പ്രതിയെ ഒന്നിലധികം തവണ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരമായി, ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൂന്നാമത്തെ ഇരയായ ഒരു കുടുംബിനെ, തർക്കവുമായി ബന്ധപ്പെട്ട കേസ് ഏൽപ്പിച്ചതിന്റെ പേര് പറഞ്ഞ് തന്ത്രപൂർവം വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഫീസ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്, അവരുടെ പണം, പെൻഷൻ കാർഡ്, മൊബൈൽ ഫോൺ എന്നിവ കൈക്കലാക്കി.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ക്രിമിനൽ ഉത്തരവാദിത്തം തെളിയിക്കപ്പെട്ടതിനാൽ, പ്രതിക്ക് വേണ്ടി വാദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിട്ടുനിന്നതായി കോടതിയിൽ പ്രഖ്യാപിച്ചു.