കാഠ്മണ്ഡു- നേപ്പാളിൽ വെളളിയാഴ്ച വൈകിട്ട് 5.0 തീവ്രതയുളള ഭൂമികുലുക്കമുണ്ടായി. ഇന്ത്യൻ സമയം വൈകിട്ട് 7.52ന് രജിസ്റ്റർ ചെയ്ത ഭൂചലനം ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്താരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു. 20 കിലോമീറ്റർ താഴ്ചയിൽ നിന്നാണ് ചലനം ഉത്ഭവിച്ചതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി(എൻ.സി.എസ്) അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രതയുളള ഭൂകമ്പം ഏകദേശം മദ്ധ്യനേപ്പാളിലാണ് കേന്ദ്രമാക്കിയിരിക്കുന്നത്.
ഭൂകമ്പം അനുഭവപ്പെട്ടതോടെ നിരവധി പേർ ഭയത്തെ തുടർന്ന് വീടുകൾ വിട്ടിറങ്ങി. ചില സ്ഥലങ്ങളിൽ വീടുകളും കെട്ടിടങ്ങളും നേരിയ തോതിൽ കുലുങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേർ കുലുക്കം അനുഭവപ്പെട്ടതായി പങ്കുവെച്ചു. ഇതുവരെ വൻനാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ മുൻകരുതലായി ദുരന്തനിവാരണ സേനകളെ അധികൃതർ ഒരുക്കി. ഭൂകമ്പത്തിനു പിന്നാലെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത തുടരുകയാണ്. സ്ഥിതികതികൾ മാറ്റമുണ്ടാകുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരും.