വാഷിങ്ടണ്‍– ട്രാന്‍സ്ജന്റര്‍മാരെ യു.എസ് സൈന്യത്തിലെടുക്കുന്നത് തടഞ്ഞു കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞു. ജനുവരി 27ന് പുറത്തിറക്കിയ ഉത്തരവില്‍ ലിംഗ സമത്വം സൈനികരുടെ ആത്മാര്‍ത്ഥയെയും അച്ചടക്കത്തെയും സ്വാധീനിക്കുമെന്നും ട്രാന്‍സ്‌ജെന്റര്‍ അതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
യു.എസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്റര്‍ മാരെ ഒഴിവാക്കാനുള്ള തീരുമാനം അവരുടെ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കലാണെന്ന് ജഡ്ജ് അന റെയസ് പറഞ്ഞു. സമൂഹത്തിലെ ഓരോരുത്തരും ബഹുമാനത്തിന് അര്‍ഹരാണെന്ന് ജഡ്ജ് കൂട്ടിച്ചേര്‍ത്തു.
കോടതിയുടെ തീരുമാനം ആശ്വാസകരമെന്ന് സൈന്യത്തിലെ കേണലും ട്രാന്‍സ്‌ജെന്ററുമായ നിക്കോളാസ് ടല്‍ബോട്ട് പറഞ്ഞു. വൈറ്റ്ഹൗസ് ഈ വിഷയത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.
15000 ട്രാന്‍സ്‌ജെന്റര്‍ മാരാണ് യു.എസ് സൈന്യത്തിലുള്ളത്. 2016ല്‍ അന്നത്തെ പ്രസിഡന്റായ ബരാക് ഒബാമയാണ് ട്രാന്‍സ്ജന്റര്‍മാര്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള വിലക്ക് നീക്കിയത്. എന്നാല്‍ 2019 ല്‍ ട്രംപ് ഭരണകൂടം ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 2021ല്‍ അധികാരത്തില്‍ വന്ന ജോ ബൈഡന്‍ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും യോഗ്യതയുള്ള എല്ലാ അമേരിക്കക്കാര്‍ക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് വാദിക്കുകയും ചെയ്തു.