ഗാസ – ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും നാടുകടത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഇസ്രായിലി പദ്ധതിയാണെന്ന് വിവരം. ഗാസയിലെ പലസ്തീനികളെ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും നാടുകടത്താനും പിന്നീട് ഇതില്‍ ഒരു വിഭാഗത്തെ സ്വീകരിക്കാന്‍ അല്‍ബേനിയയെയും ഇന്തോനേഷ്യയെയും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും ട്രംപ് നടത്തിയ പ്രസ്താവനയില്‍ അറബ് ലോകം മുഴുകിയിരിക്കുകയാണ്. ഇത്തരമൊരു പദ്ധതിയെ കുറിച്ച അറബ് ലോകത്തിന്റെ പ്രതികരണങ്ങളെ കുറിച്ച് മനസിലാക്കാനുള്ള ട്രംപിന്റെ ഒരു പരീക്ഷണമാണോ, അതല്ല, മധ്യപൗരസ്ത്യദേശത്ത് അദ്ദേഹം നടപ്പാക്കാന്‍ തീരുമാനിച്ച ഒരു പ്രവര്‍ത്തന പദ്ധതിയാണോ ഇത് എന്ന കാര്യത്തില്‍ ഇസ്രായിലികള്‍ക്കും സന്ദേഹമുണ്ട്.
ഈ നിര്‍ദേശത്തിന്റെ വിശദാംശങ്ങളും അത് എങ്ങിനെ, എവിടെയാണ് രൂപപ്പെട്ടത് എന്നതും ഇസ്രായിലി മാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപിന്റെ ഇത്തരമൊരു ആശയത്തില്‍ ഇസ്രായിലിലെ തീവ്ര വലതുപക്ഷം അമിത ആവേശത്തിലാണ്. തീവ്രവലതുപക്ഷ നേതാക്കള്‍ ട്രംപിന്റെ നിര്‍ദേശം ഒരു പ്രവര്‍ത്തന പദ്ധതിയാക്കി മാറ്റാന്‍ മത്സരിക്കാന്‍ തുടങ്ങിയതോടെ ഇതേ കുറിച്ച വിശദാംശങ്ങളും വെളിപ്പെടാന്‍ തുടങ്ങി.
ട്രംപിന്റെ നിര്‍ദേശം വെറുമൊരു നാക്കുപിഴയല്ല, മറിച്ച്, വൈറ്റ് ഹൗസിലും വാഷിംഗ്ടണില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന, നന്നായി ചിന്തിച്ചെടുത്ത പദ്ധതിയുടെ ഭാഗമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഏറെ അടപ്പമുള്ള വലതുപക്ഷക്കാരനായ ചാനല്‍ 12 ന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടര്‍ അമിത് സെഗല്‍ പറഞ്ഞു. ഈ ആശയത്തെ കുറിച്ച് തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നെന്ന് നെതന്യാഹുവും മറ്റ് ഉന്നത വലതുപക്ഷ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. ജോര്‍ദാന്‍, ഈജിപ്ത്, മറ്റു ഇസ്‌ലാമിക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഗാസ നിവാസികളെ താല്‍ക്കാലികമോ എന്നെന്നേക്കുമായോ മാറ്റാനുള്ള ഒരു വലിയ പദ്ധതിയെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ പദ്ധതി അമേരിക്കയുടേതല്ല, മറിച്ച് പൂര്‍ണമായും ഇസ്രായിലിന്റെതാണ് എന്നതാണ്. ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തിയ 2023 ഒക്‌ടോബര്‍ മുതല്‍ ഇത്തരമൊരു പദ്ധതി പ്രചരിച്ചിരുന്നു. ഇസ്രായിലി ഇന്റലിജന്‍സ് മന്ത്രാലയം തയാറാക്കി ഔദ്യോഗിക പത്രത്തില്‍ പ്രസിദ്ധീകരിച്ച രേഖയും, അറബ് രാജ്യങ്ങളിലേക്കുള്ള നെതന്യാഹുവിന്റെ പ്രത്യേക ദൂതനായിരുന്ന പ്രൊഫസര്‍ മെയര്‍ ബെന്‍ ഷബ്ബത്ത് സ്ഥാപിച്ച ഗവേഷണ സ്ഥാപനം തയാറാക്കിയ രേഖയും ഗാസ നിവാസികളെ ഈജിപ്തിലേക്ക് നാടുകടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നു. അറബ് രാജ്യങ്ങളും ഇസ്രായിലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്ന എബ്രഹാം ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള മെയര്‍ ബെന്‍ ഷബ്ബത്ത് വലതുപക്ഷ പ്രത്യയശാസ്ത്ര വിശ്വാസികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.
ഈജിപ്തിലെ വിശദമായ സാമ്പത്തിക സ്ഥിതിഗതികള്‍ അവലോകനം ചെയ്ത മെയര്‍ ബെന്‍ ഷബ്ബത്തിന്റെ രേഖ, ഈജിപ്തില്‍ നിരവധി പാര്‍പ്പിട യൂനിറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഫലസ്തീനികള്‍ ഫലസ്തീനില്‍ ഉപേക്ഷിക്കുന്ന അവരുടെ വീടുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന തുകകള്‍ക്ക് പകരമായി ഈ പാര്‍പ്പിടങ്ങള്‍ അവര്‍ക്ക് നല്‍കാമെന്നും ഇതിലൂടെ ഈജിപ്ഷ്യന്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകുമെന്നും വാദിച്ചു. മറ്റ് ഇസ്‌ലാമിക് രാജ്യങ്ങളിലേക്കും ഫലസ്തീനികളെ നാടുകടത്തുന്നതിനെ കുറിച്ച് മെയര്‍ ബെന്‍ ഷബ്ബത്തിന്റെ രേഖ സൂചന നല്‍കി.
അപകടം മനസിലാക്കിയ ഈജിപ്തും ജോര്‍ദാനും, പദ്ധതി തടയാന്‍ അറബ് സഖ്യം രൂപീകരിക്കുകയും ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം ഇടപെടുകയും പദ്ധതി നിരാകരിക്കുന്നതായും പ്രഖ്യാപിച്ചു. അങ്ങിനെ ഈ പദ്ധതി തല്‍ക്കാലം മാറ്റിവെക്കുകയായിരുന്നു.
എന്നാല്‍, ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യയശാസ്ത്ര കുടിയേറ്റ വലതുപക്ഷവും, കുടിയേറ്റ കോളനി നേതാക്കളും പദ്ധതി തയാറാക്കിയവരും പദ്ധതി വിസ്മരില്ല. ഈ ആശയം പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയിലും യൂറോപ്പിലും ഇസ്രായിലിലും പ്രഭാഷണങ്ങളിലൂടെ ഉത്സാഹത്തോടെ ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് മുമ്പും ശേഷവും ട്രംപിന്റെ ടീമുമായി ഇവര്‍ കൂടിക്കാഴ്ചകള്‍ നടത്തി പദ്ധതിക്ക് പിന്തുണ നേടിയെടുക്കാനും ശ്രമിച്ചു.
അല്‍ബേനിയ, ഇന്തോനേഷ്യ, ബോസ്‌നിയ-ഹെര്‍സഗോവിന എന്നിവിടങ്ങളിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ഫലസ്തീന്‍ കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാനുള്ള ഈ രാജ്യങ്ങളുടെ ശേഷികളെ കറിച്ചും വലതുപക്ഷ പ്രസ്ഥാനം പുതിയ പഠനങ്ങള്‍ നടത്തി. ജൂത കുടിയേറ്റക്കാര്‍ ഈ വിഷയം പോസിറ്റീവ് ഭാഷയില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കാണിച്ചു. വളരെ കഴിവുള്ളവരും നല്ല വിദ്യാഭ്യാസമുള്ളവരുമായ, പ്രൊഫഷണല്‍ തൊഴിലാളികളായ ഗാസയിലെ ഫലസ്തീനികള്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ദരിദ്രരും നിരാലംബരുമാണെന്നും ലോകത്തിലെ വികസിത ഉല്‍പാദന രാജ്യങ്ങളിലേക്ക് അവരെ മാറ്റുക എന്നതാണ് അവര്‍ക്കായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം എന്നും പുറമേക്ക് പറഞ്ഞ് ഫലസ്തീനികളോട് തങ്ങള്‍ക്ക് അനുകമ്പയുള്ളതായി അവര്‍ തോന്നിപ്പിച്ചു.
ഈ ആശയം ട്രംപ് കടമെടുക്കുകയും ഇക്കാര്യത്തില്‍ ഫലസ്തീന്‍, അറബ്, ഇസ്‌ലാമിക്, പടിഞ്ഞാറന്‍ അമേരിക്കന്‍ തെരുവുകളുടെ സ്പന്ദനം പരീക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് ഈ ആശയം മുന്നോട്ടുവെച്ചു. ഇത് വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി.
ട്രംപിന്റെ പ്രസ്താവനകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇസ്രായേലി പഠനങ്ങളുടെ വ്യക്തമായ സൂചനകള്‍ കണ്ടെത്താന്‍ കഴിയും. അദ്ദേഹം ‘മേഖലയെ ശുദ്ധീകരിക്കല്‍’ എന്ന വാക്ക് ഉപയോഗിച്ചു. നമ്മള്‍ ഏകദേശം പതിനഞ്ചു ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ആ പ്രദേശം മുഴുവന്‍ ശുദ്ധീകരിക്കാന്‍ പോവുകയാണ് – ട്രംപ് പറഞ്ഞു. നിങ്ങള്‍ക്കറിയാവുന്നതു പോലെ, നൂറ്റാണ്ടുകളായി, ഈ പ്രദേശം നിരവധി സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എനിക്കറിയില്ല, പക്ഷേ എന്തെങ്കിലും സംഭവിക്കണം, ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നത് താല്‍ക്കാലികമോ ദീര്‍ഘകാലത്തേക്കോ ആകാം – ട്രംപ് കൂട്ടിച്ചേര്‍ത്തു
ഫലസ്തീനികളുടെ പ്രദേശം ശുദ്ധീകരിക്കല്‍, കെട്ടിടങ്ങള്‍ നിലംപരിശാക്കല്‍, തെല്‍അവീവ്, ജാഫ, അഷ്ഡോഡ് എന്നിവിടങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളുടെയും റിസോര്‍ട്ടുകളുടെയും തുടര്‍ച്ചയെന്നോണം ഗാസയിലും ഇസ്രായിലികള്‍ക്കു വേണ്ടി കെട്ടിടങ്ങളും മറ്റും നിര്‍മിക്കല്‍ എന്നിവയെ കുറിച്ചാണ് ഇസ്രായിലി പഠനങ്ങള്‍ സംസാരിക്കുന്നത്. ട്രംപിന്റെ ദര്‍ശനം നടപ്പാക്കാനായി പ്രധാനമന്ത്രിയുമായും മന്ത്രിസഭയുമായും ചേര്‍ന്ന് തയാറാക്കിയ ഒരു പദ്ധതിയില്‍ താന്‍ പ്രവര്‍ത്തിക്കുന്നതായി ബെസലേല്‍ സ്‌മോട്രിച്ച് വെളിപ്പെടുത്തി. വൈറ്റ് ഹൗസില്‍ വെച്ച് ട്രംപിനെ ഉടന്‍ കാണുമ്പോള്‍ നെതന്യാഹു ഈ വിഷയം ഉന്നയിക്കുമെന്ന് ചാനല്‍ 12 റിപ്പോര്‍ട്ടര്‍ അമിത് സെഗല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group