ഗാസ – ഇസ്രായിലി സുരക്ഷാ വകുപ്പുകളുമായി സഹകരിക്കുന്നതായി സംശയിക്കുന്നവരെ വധശിക്ഷക്ക് വിധേയമാക്കുന്നത് ഗാസയില്‍ വര്‍ധിച്ചുവരുന്നു. പ്രമുഖ വ്യക്തികള്‍, ആക്ടിവിസ്റ്റുകള്‍, അവരുടെ വീടുകള്‍, ഇസ്രായില്‍ ബോംബിട്ട് തകര്‍ത്ത മറ്റ് ലക്ഷ്യങ്ങള്‍ എന്നിവയെ കുറിച്ച വിവരങ്ങള്‍ നല്‍കിയവരെയാണ് സമീപ ആഴ്ചകളില്‍ ഗാസയിലെ വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കു കീഴിലെ സൈനിക വിഭാഗങ്ങള്‍ വധശിക്ഷക്ക് വിധേയരാക്കിയത്. ഗാസ സിറ്റിയില്‍ മാത്രം കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ കുറഞ്ഞത് അഞ്ചു ഫലസ്തീനികളെ ചാരവൃത്തി നടത്തിയതായി സംശയിച്ച് വധശിക്ഷക്ക് വിധേയരാക്കി. ഇക്കൂട്ടത്തില്‍ ചിലരെ വെടിവെച്ചാണ് വധിച്ചത്. മറ്റു ചിലരെ തൂക്കിക്കൊല്ലുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ കണ്ടെത്തി.
ഇസ്രായിലുമായി സഹകരിക്കുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കു കീഴിലെ സൈനിക വിഭാഗങ്ങള്‍ ശക്തമായ സുരക്ഷാ, രഹസ്യാന്വേഷണ ശ്രമങ്ങള്‍ നടത്തിവരികയാണ്. സംശയിക്കുന്നവരെ പിടികൂടി ചോദ്യം ചെയ്ത് വധശിക്ഷ, വീട്ടുതടങ്കലില്‍ വെക്കല്‍, മര്‍ദനം, കാലില്‍ വെടിവെക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുകയും ഇസ്രായിലുമായി സഹകരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. സംശയാസ്പദമായ വിവരം നല്‍കുന്നയാള്‍ സിവിലിയന്മാരുടെ മരണത്തിനോ ഇസ്രായിലി ബന്ദികളുടെ സ്ഥലങ്ങള്‍ തിരിച്ചറിയാനോ ബന്ദികള്‍ കഴിയുന്ന സ്ഥലങ്ങള്‍ക്കു നേരെ വ്യോമാക്രമണത്തിനോ കാരണമായാല്‍ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
പണത്തിനും ഭക്ഷണത്തിനുമുള്ള ആവശ്യം മുതലെടുത്ത് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ റിക്രൂട്ട് ചെയ്യുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഫലസ്തീന്‍ വിഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുള്ളതായി വ്യക്തമായ നിരവധി സഹകാരികളെ കണ്ടെത്താന്‍ ഗാസയില്‍ നടന്ന മോഷണങ്ങളും കൊള്ളകളും സഹായിച്ചു. ഇക്കൂട്ടത്തില്‍ ഏതാനും പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. മോഷണങ്ങളില്‍ ഉള്‍പ്പെട്ടവരും എന്നാല്‍ ഇസ്രായിലുമായി സഹകരിച്ചതായി തെളിയിക്കപ്പെടാത്തവരുമായവരെ കാലില്‍ വെടിവെക്കുക, മര്‍ദിക്കുക, ഇസ്രായിലുമായി സഹകരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ വിവിധ രീതികളില്‍ കൈകാര്യം ചെയ്യുന്നു. ഏതെങ്കിലും സഹകാരിയെ വധിക്കാനുള്ള ഏതൊരു തീരുമാനവും ഫലസ്തീന്‍ വിപ്ലവ മനോഭാവത്തിന് അനുസൃതമായാണ് സ്വീകരിക്കുന്നത്. കഴിയുന്നത്ര നേതാക്കളെയും പോരാളികളെയും കൊലപ്പെടുത്താന്‍ ഇസ്രായില്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ഈ പ്രവണതക്ക് അറുതി വരുത്തുകയാണ് ലക്ഷ്യമെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
നിലവിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രായിലി ഇന്റലിജന്‍സ് ഫലസ്തീനികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ചില ഫലസ്തീന്‍ വിഭാഗങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ട സഹകാരികളെ വധിച്ചു. ഇസ്രായില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടും, ഇസ്രായിലുമായി സഹകരിക്കുന്നവരെ കണ്ടെത്താനും പിടികൂടാനും ഫലസ്തീന്‍ വിഭാഗങ്ങളുടെ സുരക്ഷാ വകുപ്പുകള്‍ക്ക് ഇപ്പോഴും കഴിവുണ്ട്. പ്രധാന ലക്ഷ്യങ്ങളെ കുറിച്ച വിവരങ്ങള്‍ ഇസ്രായിലി സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറുന്നതിന് മുമ്പ് ചില ചാരന്മാരെ കണ്ടെത്തുന്നതില്‍ ഫലസ്തീന്‍ സുരക്ഷാ വിഭാഗങ്ങള്‍ നിരവധി തവണ വിജയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഗാസയിലെ ഹമാസ് സര്‍ക്കാര്‍, സജീവമായി പ്രവര്‍ത്തിക്കുന്ന മറ്റു ഫലസ്തീന്‍ വിഭാഗങ്ങളുടെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ഇസ്രായിലുമായി സഹകരിക്കുന്നവരെ പിടികൂടി സൈനിക കോടതികള്‍ക്ക് മുന്നില്‍ ഹാജരാക്കി. ഇത്തരക്കാര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ വിവിധ ശിക്ഷകള്‍ കോടതികള്‍ വിധിച്ചു. ചില സമയങ്ങളില്‍ സംശയിക്കപ്പെടുന്ന സഹകാരികളെ വധശിക്ഷക്ക് വിധേയരാക്കി. എന്നാല്‍ മറ്റു സമയങ്ങളില്‍, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രസ്ഥാന നേതൃത്വത്തിന്റെ മേലുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറി. ഇത്തരം വധശിക്ഷകളെ അന്താരാഷ്ട്ര സമൂഹ വിമര്‍ശിച്ചിരുന്നു.
ഗാസയിലെ യുദ്ധങ്ങള്‍ക്കിടെ ഹമാസും മറ്റു ഫലസ്തീന്‍ വിഭാഗങ്ങളും വധശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി വ്യക്തികളെ വധിച്ചു. പ്രതികളെ വധിക്കുന്നതിന്റെയും അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും പുറത്തുവന്നതോടെ ഈ നടപടി അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായി. അവസരം ലഭിക്കുമ്പോള്‍ കൊലപ്പെടുത്താനും ആയുധ കേന്ദ്രങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ട് ഇസ്രായില്‍ ഫലസ്തീന്‍ വിഭാഗങ്ങളിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്ത് ചെറുത്തുനില്‍പ് നേതാക്കളെയും പ്രവര്‍ത്തകരെയും കുറിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഗ്രീന്‍ ലൈനിനുള്ളില്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റ്, പണം, ലൈംഗികത എന്നിവ വാഗ്ദാനം ചെയ്യുന്നത് അടക്കമുള്ള വിവിധ പ്രലോഭന രീതികള്‍ ഫലസ്തീന്‍ ചാരന്മാരെ റിക്രൂട്ട് ചെയ്യാന്‍ ഇസ്രായില്‍ ഉപയോഗിക്കുന്നു. ഇസ്രായിലി ഇന്റലിജന്‍സിന് എല്ലാ കഴിവുകളും ഉണ്ടായിരുന്നിട്ടും 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണവുമായി ബന്ധപ്പെട്ട ഹമാസിന്റെ പദ്ധതി കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. യഹ്യ സിന്‍വാര്‍, മുഹമ്മദ് ദെയ്ഫ് എന്നിവര്‍ അടക്കം ഹമാസിന്റെ പല സൈനിക നേതാക്കളെയും പതിറ്റാണ്ടുകളായി കണ്ടെത്താനും ഇസ്രായിലിന് കഴിഞ്ഞിരുന്നില്ല. ഗാസയിലെ നിലവിലെ യുദ്ധത്തില്‍ യഹ്യ സിന്‍വാറിനെയും മുഹമ്മദ് ദെയ്ഫിനെയും ഇസ്രായില്‍ വധിച്ചു.