കോപ്പൻഹേഗൻ: ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഒരു പ്രശ്നമായി മാറിയെന്നും അദ്ദേഹത്തിന്റെ സർക്കാർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ ആരോപിച്ചു. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് പദവി ഡെന്മാർക്കിന് ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തി ഇസ്രായിലിനുമേൽ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഡാനിഷ് പത്രമായ ജില്ലാൻഡ്‌സ്-പോസ്റ്റന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ മെറ്റെ ഫ്രെഡറിക്‌സെൻ, ഗാസയിലെ ഭയാനകമായ മാനുഷിക പ്രതിസന്ധിയിൽ ഖേദം പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കിൽ പുതിയ ജൂത കുടിയേറ്റ കോളനികൾ നിർമിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച അവർ, ഇസ്രായിലിന്റെ നയങ്ങൾക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. “ജൂത കുടിയേറ്റക്കാർക്കും മന്ത്രിമാർക്കും ഇസ്രായിലിന് മൊത്തത്തിൽ പോലും ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇതുവരെ മതിയായ പിന്തുണ ലഭിച്ചിട്ടില്ല,” അവർ പറഞ്ഞു.
“റഷ്യയുടെ കാര്യത്തിൽ ചെയ്തതുപോലെ, ഞങ്ങൾ ഒന്നും മുൻകൂട്ടി തള്ളിക്കളയുന്നില്ല. ഏറ്റവും ഫലപ്രദമായ ഉപരോധങ്ങൾ രൂപകൽപ്പന ചെയ്യും,” വ്യാപാര, ഗവേഷണ മേഖലകളിലെ ഉപരോധങ്ങളെ പരാമർശിച്ച് ഫ്രെഡറിക്‌സെൻ വിശദീകരിച്ചു. എന്നാൽ, പലസ്തീൻ രാഷ്ട്രത്തെ നിലവിൽ അംഗീകരിക്കാൻ ഡെന്മാർക്കിന് ഉദ്ദേശ്യമില്ലെന്നും അവർ വ്യക്തമാക്കി.