അർക്കൻസാസ്: അമേരിക്കയിൽ വിനോദസഞ്ചാരികളായ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി. അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംങിനിടെയാണ് ദമ്പതികളെ വെടിവെച്ച് കൊന്നത്. ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. അടുത്തിടെ കാലിഫോർണിയയിൽ നിന്നും മൊണ്ടാനയിൽ നിന്നും പ്രൈറി ഗ്രോവിലേക്ക് താമസം മാറിയവരാണ് ഇവർ.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പാർക്കിൽ പെൺമക്കളോടൊപ്പം ഹൈക്കിംങ് നടത്തുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്.ഏഴും ഒമ്പതും വയസ്സുള്ള മക്കളോടൊപ്പം ആണ് ദമ്പതികൾ ഹൈക്കിങിനായി പോയത്. എന്നാൽ, കുട്ടികൾക്ക് പരിക്കില്ലെന്നും അവർ ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും പോലീസ് അറിയിച്ചു. കൊലപാതകങ്ങൾക്ക് കുട്ടികൾ സാക്ഷികളാണോ എന്ന് വ്യക്തമല്ല.
ഇരുണ്ട വസ്ത്രങ്ങളും വിരലില്ലാത്ത കയ്യുറകളും ധരിച്ച ഒരാൾക്കായാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. പ്രതി ഒരു കറുത്ത സെഡാൻ, ഒരുപക്ഷേ ലൈസൻസ് പ്ലേറ്റിൽ ടേപ്പ് ഒട്ടിച്ച മാസ്ഡ, ഓടിച്ചു രക്ഷപ്പെട്ടതായാണ് കരുതപ്പെടുന്നത് എന്ന് പോലീസ് വ്യകതമാക്കി.
സംഭവത്തിൽ അർക്കൻസാസ് ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ് ഞെട്ടൽ രേഖപ്പെടുത്തുകയും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കേസ് തെളിയിക്കാൻ മൊബൈൽ ഫോൺ ദൃശ്യങ്ങളും സുരക്ഷാ വീഡിയോകളും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകർ. ശനിയാഴ്ച പാർക്കിലുണ്ടായിരുന്നവരോട് വിവരങ്ങൾ നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
കൊലപാതകം നടന്ന പാർക്കിന്റെ ഭാഗം അടച്ചിട്ടിരിക്കുകയാണ്. ആൾപാർപ്പില്ലാത്ത ഈ പ്രദേശത്ത് മൊബൈൽ ഫോൺ സേവനം ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു. ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിലെ എല്ലാ പാതകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് പാർക്ക് വക്താവ് അറിയിച്ചു.