റാമല്ല: ഗാസ വംശഹത്യയുടെ പേരില്‍ ഇസ്രായിലുമായുള്ള ബന്ധങ്ങള്‍ അടുത്തിടെ വിച്ഛേദിച്ച കൊളംബിയ ഫലസ്തീനില്‍ ആദ്യ അംബാസഡറെ നിയമിച്ചു. കൊളംബിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ കാലിയുടെ മുന്‍ മേയറും പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ അടുപ്പക്കാരനുമായ ജോര്‍ജ് ഇവാന്‍ ഓസ്പിനയെ ഫലസ്തീനിലേക്കുള്ള ആദ്യ അംബാസഡറായി നിയമിച്ചതായി കൊളംബിയന്‍ വിദേശ മന്ത്രാലയം അറിയിച്ചു.
2024 മെയ് മാസത്തില്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഗാസയില്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ കൊളംബിയയുടെ എംബസി തുറക്കുമെന്ന് പെട്രോ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. മെയ് അഞ്ചിന് ഫലസ്തീന്‍ അധികൃതരുടെ അംഗീകാരത്തെ തുടര്‍ന്നാണ് ജോര്‍ജ് ഇവാന്‍ ഓസ്പിനയെ ഫലസ്തീനിലെ അംബാസഡര്‍ ആയി നിയമിച്ചതെന്ന് വിദേശ മന്ത്രി ലോറ സരബിയ മെയ് 22 ന് ഒപ്പുവച്ച ഉത്തരവ് പറയുന്നു.
കൊളംബിയയിലെ മൂന്നാമത്തെ വലിയ നഗരമായ കാലിയുടെ മുന്‍ മേയറായ ഓസ്പിന ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ് ഗുസ്താവോ പെട്രോ അംഗമായിരുന്ന എം-19 സായുധ സംഘത്തിന്റെ മുന്‍ നേതാവായ ഇവാന്‍ മരിനോ ഓസ്പിനയുടെ മകനാണ് ജോര്‍ജ് ഇവാന്‍ ഓസ്പിന.
റാമല്ലയിലാണോ അതല്ല, ഒരു അയല്‍ രാജ്യത്താണോ താന്‍ താമസിക്കുക എന്ന് ഇതുവരെ അറിയില്ലെന്ന് എ.എഫ്.പിക്ക് നല്‍കിയ പ്രസ്താവനയില്‍ പുതിയ അംബാസഡര്‍ പറഞ്ഞു. റാമല്ലയില്‍ കൊളംബിയന്‍ എംബസി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ നിര്‍ണയിക്കാന്‍ ഞങ്ങള്‍ ഇസ്രായിലുമായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരും – ഓസ്പിന പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍, ഞങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു. ഫലസ്തീന്‍ രാഷ്ട്രവും ഇസ്രായില്‍ രാഷ്ട്രവും ഒരുമിച്ച് നിലനില്‍ക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും ജോര്‍ജ് ഇവാന്‍ ഓസ്പിന പറഞ്ഞു.