ഇസ്‌ലാമാബാദ്- തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയിബയുടെ പതിനേഴ് സ്ഥാപകരില്‍ ഒരാളായ അമീര്‍ ഹംസയുടെ ആരോഗ്യ നിലഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാഹോറിലെ സ്വന്തം വസതിയില്‍ വച്ചാണ് പരുക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്ങനെയാണ് പരുക്കേറ്റതെന്ന വിവരം വ്യക്തമല്ല. അമീര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനോ ലഷ്കറെ ത്വയിബയോ ഔദ്യോഗിക പ്രതികരണം ഈ വിഷയത്തിൽ നടത്തിയിട്ടില്ല.
ലഷ്‌കറെ ത്വയിബയുടെ സഹസ്ഥാപകരില്‍ ഒരാളായ അമീര്‍ ഹംസയാണ് വര്‍ഷങ്ങളോളം ലഷ്‌കറിന്റെ പ്രചരണ വിഭാദത്തെയും ജനസമ്പര്‍ക്ക പരിപാടികളെയും നിയന്ത്രിച്ചിരുന്നത്. സോവിയറ്റ് യൂണിയന്റെ ഭരണകാലത്ത് സ്വതന്ത്ര അഫ്ഗാനിസ്ഥാനു വേണ്ടി ആയുധമെടുത്ത അമീര്‍ ഹംസ പിന്നീട് ലഷ്‌കറെ ത്വയിബ സ്ഥാപിച്ച ശേഷം അവയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. 2018ല്‍ സാമ്പത്തിക സഹായങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ ലഷ്‌കറെ ത്വയിബയുമായി അകലം പാലിച്ച ഹംസ പുതിയ ഭീകരസംഘടന രൂപീകരിക്കുകയായിരുന്നു. ജെയ്‌ഷെ മന്‍ഫാഖ എന്ന പേരുള്ള ഈ സംഘട ജമ്മുകശ്മീരടക്കമുള്ള മേഖലയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.